കൈക്കൂലി ആയി ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും അഡ്വാൻസ് ആയി ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്തപ്പോൾ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
കൊല്ലം ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടിൽ വൈരവൻ ചെട്ടിയാർ മകൻ ഷിബുകുമാർ കഴക്കൂട്ടത്ത് പോലിസ് ഉദ്യോഗസ്ഥൻ ആയിരിക്കെ കൈക്കൂലി കേസിൽ മുമ്പ് വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
ഇത്തവണ സി ഐ ഷിബു കുമാറിനൊപ്പം മുണ്ടക്കയം പോലിസ് സ്റ്റേഷൻ കാന്റീനിലെ സുദേപ് ജോസ് എന്നയാളും അറസ്റ്റിലായി. കൈകൂലിയുടെ ഇടനിലക്കാരൻ സുദേപ് ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് സി ഐ യുടെ ക്വാർട്ടേഴ്സിൽ വെച്ചാണ് സംഭവം. ഇളംകാട് സ്വദേശി ആയ അച്ഛനും മകനും തമ്മിലുള്ള അടിപിടി കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം എടുത്ത മകൻ ആണ് കൈക്കൂലി തുക നൽകിയത്. അടിപിടി സംഭവത്തിൽ മകനെതിരെ വധ ശ്രമ കേസ് ആണ് പോലിസ് എടുത്തത്. ഇയാളുടെ വാഹനവും പിടികൂടിയിരുന്നു. കേസിൽ ജാമ്യം കിട്ടിയ മകനെ ദിവസവും ഒപ്പിടാൻ സ്റ്റേഷനിൽ സി ഐ വിളിച്ചുവരുത്തിയിരുന്നു. തുടർന്നാണ് കാന്റീൻ നടത്തിപ്പുകാരൻ മുഖേനെ ഒന്നര ലക്ഷം രൂപ സി ഐ കൈക്കൂലി ആയി ആവശ്യപ്പെട്ടത്. കേസിൽ അനുകൂല റിപ്പോർട്ട് കോടതിയിൽ നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. ഇരുനില വീട്ടിൽ കുടുംബ പ്രശ്നം മൂലം രണ്ട് നിലകളിലായി താമസിക്കുന്ന പിതാവും മകനും തമ്മിൽ ഉണ്ടായ അടിപിടി സംഭവം വധ ശ്രമമാക്കി മാറ്റിയതിന് പിന്നിൽ സി ഐ ആയിരുന്നെന്ന് പറയുന്നു.
വിജിലൻസ് എസ്പി വി ജി വിനോദ് കുമാർ, യൂണിറ്റ് ഡി വൈ എസ് പി പി ജി രവീന്ദ്രനാഥ്, റേഞ്ച് ഡിവൈഎസ്പി വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.