എരുമേലി : കോവിഡിനോട് പോരാടുന്നതിന്റെ ധൈര്യം കെടുത്താൻ മോഷ്ടാവിന് കഴിഞ്ഞില്ല. മാല പറിക്കാൻ ശ്രമിച്ച കള്ളനെ മല്ലിട്ടു തോൽപ്പിച്ചു താരമായി കോവിഡ് ഡ്യൂട്ടി ചെയ്യുന്ന 22 കാരി അനുജ വി സലീം . രക്ഷപെട്ട കള്ളനെ പിടിക്കാനുള്ള തെളിവിന് സിസി ക്യാമറയുടെ പരിധിക്കും കഴിയാതെ വന്നപ്പോൾ കുറ്റാന്വേഷണത്തിൽ മിടുക്ക് തെളിയിച്ച് ജില്ലയ്ക്ക് തന്നെ അഭിമാനമായി എരുമേലി പോലിസ്. ജില്ലാ പോലിസ് മേധാവി ഡി ശിൽപ എരുമേലി സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരെ ഫോണിൽ അഭിനന്ദിച്ചു. ഒപ്പം അനുജയെ വിളിച്ച് ജില്ലാ പോലിസ് മേധാവി ധൈര്യവും അഭിനന്ദനവും പകർന്നു. ജില്ലയിൽ അടുത്ത ദിവസങ്ങളിൽ നടന്ന മോഷണ സംഭവങ്ങളിൽ പ്രതിയെ ഉടനെ പിടികൂടാൻ കഴിഞ്ഞത് എരുമേലിയിലാണ്.
കഴിഞ്ഞ ദിവസം എരുമേലി പോലിസ് സ്റ്റേഷനും സർക്കാർ ആശുപത്രിക്കും അടുത്തുള്ള ഇടവഴിയിൽ വെച്ച് മാല മോഷണം നടത്താൻ ശ്രമിച്ച യുവാവ് ആണ് മണിക്കൂറുകൾക്കകം അറസ്റ്റിലായത്. കുറുവാമുഴി പീടിയേക്കൽ ഷിനു വർഗീസ് (42) ആണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട സ്വദേശിനിയും എരുമേലി സർക്കാർ ആശുപത്രിയിലെ കോവിഡ് വാക്സിനേഷൻ യുണിറ്റിലെ ജീവനക്കാരിയുമായ അനുജ വി സലീം (22) ന്റെ കഴുത്തിൽ നിന്നാണ് മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആദ്യം ഭയന്നുപോയ അനുജ തന്റേടത്തോടെ യുവാവിനോട് മല്ലിട്ട് ചെറുത്തുനിന്നു. ഒടുവിൽ മാല പറിച്ചെടുക്കാനാവാതെ യുവാവ് ഓടി രക്ഷപെട്ടു. സംഭവത്തിൽ സമീപ സ്ഥലത്തെ സി സി ക്യാമറാ ദൃശ്യങ്ങൾ എരുമേലി പോലിസ് സ്റ്റേഷനിലെ ഹൈടെക് സെൽ വിഭാഗം പരിശോധിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല.
റോഡിലൂടെ കടന്നുപോയ നൂറുകണക്കിന് വാഹനങ്ങളുടെയും നിരവധി ആളുകളുടെയും ദൃശ്യങ്ങൾ പരിശോധിക്കേണ്ടി വന്നു. പക്ഷെ ഒന്നിലും സംഭവവുമായി ബന്ധപ്പെടുന്ന സൂചനകളോ തെളിവുകളോ പ്രാഥമിക നിരീക്ഷണത്തിൽ കണ്ടെത്താനായില്ല. നിരാശരായ ഹൈടെക് സെല്ലിലെ പോലീസുകാർ വീണ്ടും ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇടവഴിയുടെ അടുത്തുള്ള ദേവസ്വം മൈതാനത്ത് ഒരു യുവാവ് ബൈക്ക് പാർക്ക് ചെയ്ത ശേഷം നടന്ന് പോകുന്നതും ഒരു മണിക്കൂർ സമയം കഴിഞ്ഞ് മെയിൻ റോഡിൽ ഓട്ടോറിക്ഷയിൽ ഒരു യുവാവ് വന്നിറങ്ങി ബൈക്ക് എടുത്ത് ഓടിച്ചു പോകുന്നതും കണ്ടു. സൂം ചെയ്ത് ദൃശ്യം പരിശോധിച്ചപ്പോൾ രണ്ടും ഒരേ യുവാവ് ആണെന്നും ആദ്യം ബൈക്കിൽ വന്നപ്പോൾ ധരിച്ച ഷർട്ട് ആയിരുന്നില്ല ഓട്ടോയിൽ വന്നിറങ്ങിയപ്പോൾ ധരിച്ചിരുന്നതെന്നും കണ്ടെത്തി. ഇത് പോലീസുകാരിൽ സംശയം സൃഷ്ടിച്ചു. ഈ സംശയം ആണ് പ്രതി ഇയാൾ ആണെന്ന് സൂചനയിലേക്കെത്തിച്ചത്.
ബൈക്കിൽ വന്ന ശേഷം നടന്ന് ഇടവഴിയിലെത്തി മാല പറിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ എതിർ ഭാഗത്തേക്ക് ഓടി രക്ഷപെട്ടതിനാൽ ബൈക്ക് എടുക്കാൻ വരുമ്പോൾ പിടിക്കപ്പെടാതിരിക്കാൻ ഷർട്ട് മാറ്റി ധരിച്ച് ഓട്ടോയിൽ എത്തിയതാണെന്നാണ് പോലീസുകാരൻ സംശയിച്ചത്.
ഇതോടെ
ഓട്ടോയുടെ നമ്പർ പരിശോധിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ പോലിസ് കസ്റ്റഡിയിൽ എടുത്തു. ആദ്യം നിഷേധിച്ച ഡ്രൈവർ ക്യാമറയിലെ ദൃശ്യങ്ങൾ കണ്ടതോടെ സത്യം പറഞ്ഞു. ഡ്രൈവർ നൽകിയ മൊഴിയെ തുടർന്നാണ് ഇയാളുടെ അടുത്ത സുഹൃത്ത് കൂടിയായ യുവാവ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി മദ്യ ലഹരിയിൽ അറിയാതെ മോഷണ ശ്രമം നടത്തിയതാണെന്നാണ് പറഞ്ഞത്.
രാവിലെ ഒമ്പത് മണിക്ക് നടന്ന മോഷണ ശ്രമത്തിന് പിന്നിൽ അതിരാവിലെ മദ്യം കഴിച്ചതാണെന്ന പ്രതിയുടെ മൊഴി പോലിസ് തള്ളിക്കളഞ്ഞു. പ്രതിയുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തിരുന്നു. ബൈക്കിൽ മുളക് പൊടി സൂക്ഷിച്ചത് കണ്ടെത്തി. മോഷണം നടത്താൻ പ്രതി തയ്യാറെടുപ്പ് നടത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് പോലിസ് പറയുന്നു. സ്റ്റേഷനിലെത്തി പ്രതിയെ അനുജ തിരിച്ചറിഞ്ഞു. തുടർന്ന് മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ ഇന്ന് കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കും.
ഹൈടെക് സെല്ലിലെ സിവിൽ പോലിസ് ഓഫിസർമാരായ കെ എൻ അനീഷ്, കെ എസ് സുമേഷ് എന്നിവർ ആണ് ക്യാമറാ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ കുടുക്കാനുള്ള നിർണായകമായ സൂചന കണ്ടെത്തി സംശയം പ്രകടിപ്പിച്ചത്. എസ് ഐ മാരായ അജി ജേക്കബ്, സി എച്ച് സതീഷ്, സിവിൽ പോലിസ് ഓഫിസർമാരായ നൗഷാദ്, ഹൈടെക് സെൽ സിവിൽ പോലിസ് ഓഫിസർ കെ എസ് സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതി കരുതിക്കൂട്ടി മോഷണം നടത്താൻ ശ്രമിച്ചെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലിസ് അറിയിച്ചു. തികച്ചും പ്രൊഫഷണൽ മോഷ്ടാവിന്റെ രീതിയിൽ ആയിരുന്നു മോഷണ സമയത്ത് പ്രതിയുടെ പെരുമാറ്റമെന്ന് അനുജ യുടെ മൊഴിയിൽ വ്യക്തമായിട്ടുണ്ട്. പരിചയ ഭാവത്തിൽ നോക്കി ചിരിച്ച ശേഷം പെട്ടന്നാണ് അനുജ യുടെ കഴുത്തിൽ നിന്ന് മാല പിടിച്ചു പറിക്കാൻ ശ്രമിച്ചത്. അതിന് പത്ത് മിനിട്ട് മുമ്പ് ഇതേ വഴിയിൽ നടന്നുവന്ന ആശുപത്രിയിലെ നേഴ്സ് ജോളിയെയും പ്രതി ഇടവഴിയിൽ പിന്തുടർന്നിരുന്നു. ദുരൂഹത തോന്നിയ ജോളി കൂടെക്കൂടെ പിന്തിരിഞ്ഞു സംശയത്തോടെ നോക്കിയത് കണ്ട് പ്രതി പിന്മാറി പോയെന്നാണ് പോലിസ് കരുതുന്നത്. മുമ്പും മോഷണ കൃത്യങ്ങൾ പ്രതി ചെയ്തിട്ടുണ്ടാകുമെന്ന് സംശയം പോലീസിൽ ശക്തമാണ്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.