‘എന്തുകൊണ്ട് കോണ്‍ഗ്രസ് എന്നതിന് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയില്ല. എന്റെ അച്ഛന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഐഎന്‍ടിയുസിയോടൊപ്പം നിന്നിട്ടുള്ള ആളാണ്. ഞാന്‍ കണ്ടുവളര്‍ന്നതും എന്റെ ചുറ്റുപാടുണ്ടായിരുന്നതും കൂടുതലും കോണ്‍ഗ്രസ് അനുഭാവികളും നേതാക്കളുമാണ്. എന്നെ കലയില്‍ കൊണ്ടുവന്ന സലിമേട്ടന്‍, എന്റെ സുഹൃത്തായ ധര്‍മ്മജന്‍… ഇവരെല്ലാമുണ്ട്. മാത്രമല്ല, കോണ്‍ഗ്രസിനുള്ള മൃദു സ്വഭാവം എനിക്കിഷ്ടമാണ്. ഞാന്‍ എപ്പോഴും അത്തരത്തിലാണ് ജീവിക്കുന്നത്. എനിക്ക് വളരെ കംഫര്‍ട്ടായി തോന്നുന്ന നേതാക്കളൊക്കെയുള്ള ഒരു സംഘടനയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് കോണ്‍ഗ്രസ്’, രമേശ് പിഷാരടി പറഞ്ഞു.
‘കോമഡി ചെയ്യുന്നതുകൊണ്ട് ഞങ്ങള്‍ക്ക് സാമൂഹ്യബോധമില്ല എന്നൊന്നുമില്ല. പണ്ട് സിനിമാല പോലെയുള്ള പ്രോഗ്രാമുകള്‍ എഴുതുമ്പോള്‍ ഒരു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ആര് ജയിക്കും എന്ന് പറഞ്ഞ് സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. നമുക്കത് അറിയാമായിരുന്നു. പത്രം വായിക്കുകയും രാഷ്ട്രീയത്തെ വീക്ഷിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. അന്നും ഇന്നും രാഷ്ട്രീയ അനുഭാവമുള്ളവരാണെങ്കിലും കലാകാരന്മാരാണ്. കലയാണ് ഉപജീവനമാര്‍ഗ്ഗം. രാഷ്ട്രീയത്തെ ഒരു തൊഴിലായി എടുക്കാനോ ഉപജീവനമാര്‍ഗ്ഗമായി എടുക്കാനോ ഒരു ഉദ്ദേശവുമില്ല. പക്ഷേ, ഞാനെപ്പോഴും ആഗ്രഹിക്കുന്നത് ഇന്ത്യപോലൊരു രാജ്യത്തും, കേരളം പോലൊരു സംസ്ഥാനത്തും കോണ്‍ഗ്രസ് ഒരു അത്യാവശ്യമാണ്. രാജ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത്രയും ബഹുസ്വരതയുള്ള രാജ്യത്തെ ഇത്രയും നാള്‍ ഇങ്ങനെ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ വീക്ഷണങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ്’, അദ്ദേഹം വിശദീകരിച്ചു.
ധര്‍മ്മജന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ മുഖ്യപ്രചാരകനാവുമോ എന്ന ചോദ്യത്തിന് ഉറപ്പായും ആവും എന്നുതന്നെയായിരുന്നു പിഷാരടിയുടെ മറുപടി. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മുഖ്യ പ്രചാരകനാവും. അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഒരു കല്യാണം നടന്നാല്‍ മുഖ്യ ആളായി ഞാനുമുണ്ടാവും. തിരിച്ച് എന്റെ കാര്യത്തില്‍ അദ്ദേഹവുമുണ്ടാവും. ധര്‍മ്മജന്‍ മറ്റൊരു പാര്‍ട്ടിക്കുവേണ്ടിയാണ് നിന്നതെങ്കില്‍ പോലും ധര്‍മ്മജന്റെ കാര്യങ്ങള്‍ക്ക് ഞാനുണ്ടാവും. അത് വര്‍ഷങ്ങളായുള്ള സൗഹൃദമാണെന്നും പിഷാരടി പറഞ്ഞു