2000 മെഗാവാട്ട് പുഗലൂര്‍ തൃശ്ശൂര്‍ പവര്‍ ട്രാൻസ്മിഷൻ പദ്ധതി,50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട് , തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റര്‍ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് വൈകീട്ട് നാലരയ്ക്ക് ഓൺലൈൻ വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പുതിയ പ്ലാന്റ് കൂടി യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ
75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള പ്ലാന്റാണ് പുതിയത്. 56.89 കോടി രൂപ മുടക്കിയ പ്ലാന്റിന്റെ നിർമാണം പൂർത്തിയായത് 15 മാസം കൊണ്ടായിരുന്നു. ശുദ്ധജല പമ്പ് ഹൗസ്, 35 ലക്ഷം ലിറ്ററിന്റെ ശുദ്ധജല സംഭരണി, സബ് സ്റ്റേഷൻ ട്രാൻസ്ഫോമറുകൾ എന്നിവയാണ് പ്ലാന്റിലുള്ളത്. നിലവിലുളള വിതരണം വർദ്ധിപ്പിക്കുന്നതിന് പുറമേ തിരുമല, പേരൂർക്കട, വട്ടിയൂർക്കാവ്, എന്നിവിടങ്ങിൽ കുടുതൽ കുടിവെള്ളം എത്തിക്കാൻ കഴിയും.പൂർണ ഓട്ടോമറ്റിക് സ്കാഡ സംവിധാനം വഴി ജലശുദ്ധീകരണശാലയുടെ പ്രവർത്തനങ്ങൾ വിരൽതുമ്പിൽ നിയന്ത്രിക്കാം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തിരുവനന്തപുരം നഗരസഭയുടെയും ധനസഹായത്തോടെ, അമൃത് പദ്ധതിക്കു കീഴിലാണ് പ്ലാന്റ് പൂർത്തീകരിച്ചത്. വൈകിട്ട് നാലരക്ക് നഗരസഭ ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പ്ലാന്റ് ഉത്ഘാടനം ചെയ്യുന്നത്.