ബിഡിജെഎസിലെ ഒരു വിഭാഗം പാര്‍ട്ടി വിട്ടു; ഭാരതീയ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ആലപ്പുഴ: ബിഡിജെഎസിലെ ഒരു വിഭാഗം പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു.ഭാരതീയ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എന്‍.കെ. നീലകണ്ഠന്‍, വി.ഗോപകുമാര്‍, കെ.കെ. ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. യുഡിഎഫ് നേതൃത്വവുമായി ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.

യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് തീരുമാനം. കോണ്‍ഗ്രസ് മുക്ത കേരളത്തിനായി എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ ചവിട്ടിയരച്ചവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ശബരിമല വിഷയത്തില്‍ അടക്കം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് യുഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപി വഞ്ചിച്ചുവെന്നും ഭാരതീയ ജനസേന പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ബിജെപി എടുക്കുന്നതെന്ന ആക്ഷേപമാണ് ബിജെഎസ് നേതാക്കള്‍ ഉന്നയിക്കുന്നത്. സംസ്ഥാനത്തെ എന്‍ഡിഎ മുന്നണി നിര്‍ജീവമാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം യുഡിഎഫില്‍ നിന്നും എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഇവര്‍ പോകുന്നതെന്നും പലരും അതിനായി സ്ഥാനങ്ങള്‍ രാജിവച്ചവരാണെന്നും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
أحدث أقدم