കേരളത്തിൽ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി


തിരു.: സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. നിലവില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മോശമാണെന്നും കേന്ദ്രം നികുതി കുറയ്ക്കട്ടേയെന്നും ഇന്ധനനികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തട്ടേയെന്നും മന്ത്രി പറഞ്ഞു.
      ‘കേരള സര്‍ക്കാര്‍ ഇതുവരെ ഒരു ഇന്ധന നികുതിയും കൂട്ടിയിട്ടില്ല. നികുതി വര്‍ദ്ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. അതു കൊണ്ട് ഇന്ധനവില വര്‍ദ്ധനവിന്റെ ഉത്തരവാദി കേന്ദ്രമാണ്. അത് അവര്‍ തന്നെ ഏറ്റെടുത്തേ തീരൂ.’ സംസ്ഥാനങ്ങളുടെ ചെലവില്‍ വിലവര്‍ദ്ധന പരിഹരിക്കാന്‍ കേന്ദ്രം നോക്കേണ്ടെന്നും കേന്ദ്ര നിലപാടിനെതിരേ ശക്തമായ സമരം വേണമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച വരെ തുടര്‍ച്ചയായി 13 ദിവസം ഇന്ധനവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് മാത്രമാണ് വില വർദ്ധനവ്‌ ഉണ്ടാകാതിരുന്നത്.
        അതേസമയം, ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അവർ പറഞ്ഞിരുന്നു.
        എന്നാൽ, കേരളം നികുതി കുറയ്ക്കില്ലെന്ന് പറയുമ്പോൾ, ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും അതുവഴി ഇന്ധനവില കുറഞ്ഞേക്കുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷയും അവസാനിക്കുകയാണ്.


Previous Post Next Post