തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്



കൊച്ചി:  പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്.
      കൊച്ചിയിൽ ഇന്ന് പെട്രോൾ വില 90 രൂപ 85 പൈസയും ഡീസൽ 85 രൂപ 49 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92 രൂപ 69 പൈസയായി. ഡീസൽ വില 87 രൂപ 22 പൈസയിലെത്തി. 
രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. കുതിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.
       ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
      ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2018ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്.
     ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണ്ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.



أحدث أقدم