കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങള് നിലവിലുണ്ടോയെന്ന് ഹൈക്കോടതി. പത്തു ദിവസത്തിനകം ഇക്കാര്യം അറിയിക്കാന് ചീഫ് ജസ്റ്റിസ് എസ് മണികുമാര് അദ്ധ്യക്ഷനായ ബെഞ്ച് സര്ക്കാരിന് നിര്ദ്ദേശം നല്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ചോദ്യം ചെയ്ത് രണ്ട് യൂത്ത് കോണ്ഗ്രസ് നേതാക്കള് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
സര്ക്കാരിന്റെ മറുപടി ലഭിച്ച ശേഷമേ ഹര്ജി ഫയലില് സ്വീകരിക്കുന്നത് ഉള്പ്പടെയുളള കാര്യങ്ങളില് തീരുമാനമുണ്ടാവൂ. മറ്റ് നടപടികളിലേക്ക് ഇപ്പോള് കടക്കുന്നില്ലെന്നും ബെഞ്ച് അറിയിച്ചു. താത്ക്കാലിക ജീവനക്കാര്ക്ക് സ്ഥിര നിയമനം അവകാശപ്പെടാനാവില്ലെന്നാണ് ഹര്ജിയില് പറയുന്നത്. ഇത്തരത്തില് നിയമനങ്ങള് സ്ഥിരപ്പെടുത്തുന്നത് നിയമ വിരുദ്ധവും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണെന്ന് ഹര്ജിയില് വ്യക്തമാക്കുന്നു.
വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ജനുവരിയിലെ ഉത്തരവ് പ്രകാരം കെല്ട്രോണില് 288 ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നും സര്ക്കാര് നടപടി റദ്ദാക്കണമെന്നുമാണ് ഹര്ജിയിലെ പ്രധാന ആവശ്യം.