1984ല്‍ പൂച്ചക്കൊരുമുക്കുത്തി കണ്ട് ചിരിച്ചപ്പോള്‍ ഇവര്‍ക്കൊപ്പം ഒരു സിനിമ എന്നത് സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു’; മരയ്ക്കാറിന്റെ നേട്ടത്തിന് അഭിനന്ദനങ്ങളുമായി ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ


67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി പേരാണ് മോഹന്‍ലാലിനും പ്രിയദര്‍ശനും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടിയും ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുകയാണ്. മരക്കാറില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഹരീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

പണ്ട് താന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തിയറ്ററിലെ ഒരു രൂപ ടിക്കറ്റിന് മുന്‍ സീറ്റിലിരുന്ന് ‘പൂച്ചക്കൊരുമുക്കുത്തി’ എന്ന ചിത്രം കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്. അന്ന് തന്റെ സ്വപ്‌നത്തില്‍ പോലും മോഹന്‍ലാലിനും, പ്രിയദര്‍ശനും ഒപ്പം ഒരു സിനിമ ചെയ്യും എന്നത് ഉണ്ടായിരുന്നില്ലെന്നാണ് ഹരീഷ് പറയുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും മേനകയും നായിക നായകന്‍മാരായ ചിത്രമായിരുന്നു ‘പൂച്ചക്കൊരുമുക്കുത്തി’.

ഒരു പ്രീഡിഗ്രിക്കാരന്‍ 1984ല്‍ കോഴിക്കോട് അപ്‌സര തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രൂപയുടെ ടിക്കറ്റിലിരുന്ന് പൂച്ചക്കൊരുമുക്കുത്തി കണ്ട് ആര്‍ത്ത് ചിരിക്കുമ്പോള്‍ ഈ രണ്ട് പ്രതിഭകളുടെ കൂടെ ഇങ്ങിനെയൊരു സിനിമ എന്റെ സ്വപ്നത്തിന്റെ ഏഴയലത്തില്ലായിരുന്നു…പക്ഷെ ഈ രണ്ടു പേരുടെയും സ്വപ്നം ദേശീയ പുരസ്‌ക്കാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ഞാനും അതിന്റെ ഭാഗമാണെന്നത് സ്വപ്നവും യാഥാര്‍ത്ഥ്യവുമായ എന്റെ നാടക വഴിയുടെ പുണ്യമാവുന്നു…ലാല്‍സാര്‍…പ്രിയന്‍സാര്‍…അഭിനന്ദനങ്ങള്‍’ഹരീഷ് പേരടി

മരക്കാറില്‍ ഹരീഷ് മങ്ങാത്തച്ചന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് 13നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.


മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്
أحدث أقدم