അച്ഛന് മദ്യവും ഭക്ഷണവും വാങ്ങി നല്‍കി സല്‍ക്കരിച്ച ശേഷം മകള്‍ തീ കൊളുത്തി കൊന്നു.





കൊല്‍ക്കത്ത: അച്ഛന് മദ്യവും ഭക്ഷണവും വാങ്ങി നല്‍കി സല്‍ക്കരിച്ച ശേഷം മകള്‍ തീ കൊളുത്തി കൊന്നു. കൊല്‍ക്കത്തയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ പാര്‍ക്ക് സൈറസിന് സമീപം ക്രിസ്റ്റഫര്‍ റോഡ് സ്വദേശിനിയായ 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്‌ ഞായറാഴ്ച രാത്രി യുവതി അച്ഛനെയും കൂട്ടി ചുറ്റാന്‍ ഇറങ്ങിയിരുന്നു. പുറത്ത് നിന്നും അത്താഴം കഴിക്കാനായിരുന്നു യാത്ര.

ഒന്നിച്ച്‌ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം അച്ഛന് മദ്യവും മകള്‍ വാങ്ങിനല്‍കി. ഇതിനു ശേഷം സ്റ്റ്രാന്‍ഡ് റോഡിലുള്ള ചഡ്പല്‍ ഘട്ടിലേക്കെത്തി. ഹൂഗ്ലീ നദി തീരത്തെത്തി ഒരു ബഞ്ചില്‍ ഇരുന്ന് ഇരുവരും കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന പിതാവ് ഉറങ്ങിപ്പോയി.
ആ സമയത്താണ് യുവതി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. 56കാരനായ പിതാവിനെ യുവതി തീ കൊളുത്തുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിറ്റിവിയിലും പതിഞ്ഞിട്ടുണ്ട്. -

ഒരു ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിതാവിനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ മകള്‍, ഇയാളുടെ ശാരീരിക-മാനസിക പീഡനങ്ങള്‍ സഹിക്ക വയ്യാതെയാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. 'യുവതി കുഞ്ഞായിരുന്നപ്പോള്‍ തന്നെ അമ്മ മരിച്ചിരുന്നു. ഇതിന് ശേഷം പിതാവ് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. മാനസിക പീഡനവും പതിവായിരുന്നു. യുവതിയുടെ വിവാഹം കഴിഞ്ഞതോടെ ഇതെല്ലാം അവസാനിച്ചു. എന്നാല്‍ വിവാഹജീവിതം തകര്‍ന്ന് ഇവര്‍ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയതോടെ പീഡനങ്ങള്‍ വീണ്ടും ആരംഭിച്ചു' യുവതിയുടെ മൊഴി ഉദ്ധരിച്ച്‌ പൊലീസ് പറയുന്നു.


أحدث أقدم