ഞായറാഴ്ച പള്ളികളിൽ വായിച്ച ലേഖനത്തിൽ മത്സ്യബന്ധന മേഖലയെ ഇല്ലായ്മചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നതായി കുറ്റപ്പെടുത്തുന്നു.
ഇ.എം.സി.സി. കരാർ പിൻവലിച്ചത് ശക്തമായ എതിർപ്പിനെ തുടർന്നാണ്.
കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമാണം നടന്നുകഴിഞ്ഞു. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരുപറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അത്തരം നയങ്ങളും തീരുമാനങ്ങളും ഏതുസർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണെന്ന് ഇടയലേഖനത്തിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവനനിർമാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതായും വിമർശനമുണ്ട്. കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗം കൂട്ടുനിൽക്കുകയാണ്.
ബ്ലൂ ഇക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിന് ഖനനാനുമതി നൽകി കേന്ദ്രസർക്കാരും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിന്റെ പ്രശ്നമാണെന്നും ഇടയലേഖനം ചൂണ്ടിക്കാണിക്കുന്നു. വനവാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിന്റെ മക്കൾക്ക് കടൽ അവകാശം വേണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്