ഇറാഖിലെത്തുന്ന ആദ്യ മാർപാപ്പയാണദ്ദേഹം. രാജ്യത്തെ ആക്രമണസാധ്യതയും കോവിഡ് ഭീഷണിയും മറികടന്നാണ് വെള്ളിയാഴ്ച മാർപാപ്പ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കദീമി അദ്ദേഹത്തെ സ്വീകരിച്ചു.
പരമ്പരാഗതവേഷത്തിലെത്തിയ രണ്ടു കുട്ടികൾ അഭിവാദ്യംചെയ്തു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശസന്ദർശനമാണിത്.
നൂറുകണക്കിനാളുകളാണ് അദ്ദേഹത്തെ കാണാൻ നിരത്തുവക്കുകളിൽ തടിച്ചുകൂടിയത്.
കനത്ത സുരക്ഷയാണ് മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇറാഖിലൊരുക്കിയത്.
പതിനായിരത്തോളം സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പരിഗണിച്ച് 24 മണിക്കൂർ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. കവചിത വാഹനത്തിലാണ് മാർപാപ്പ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടത്. രാജ്യത്ത് അംഗബലം കുറഞ്ഞുവരുന്ന ക്രൈസ്തവജനതയെയും യുദ്ധത്തിൽ തകർന്ന ഇറാഖിനെയും ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.