മൈസൂര്‍: മൈസൂരില്‍ വാഹന പരിശോധനയെ തുടര്‍ന്ന് പൊലീസ് പിന്തുടർന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. റിങ്റോഡ് ആര്‍എംപി സർക്കിളില്‍ കഴിഞ്ഞ വൈകിട്ടാണ് അപകടമുണ്ടായത്. രോഷാകുലരായ ആൾക്കൂട്ടം പൊലീസുകാരെ ആക്രമിച്ചു. എന്നാല്‍, അമിത വേഗതയാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ വാദം.
പ്രദേശത്ത് ഹെല്‍മറ്റ് വേട്ടയുടെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമം പതിവാണെന്നാരോപിച്ചാണ് രോഷാകുലരായ ജനക്കൂട്ടം ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ട്രാഫിക് എസ്ഐമാർ സഞ്ചരിച്ചിരുന്ന വാഹനം നാട്ടുകാർ തകർത്ത് തലകീഴായി മറിച്ചിട്ടു. ഉദ്യോഗസ്ഥരെ അടിച്ചോടിച്ചു. രണ്ട് എസ്ഐമാരുൾപ്പടെ പരിക്കേറ്റ മൂന്ന് പൊലീസുകാർ കെആർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.