കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രവചിച്ചപോലുള്ള ഭീതിദമായ സാഹചര്യത്തിലേക്ക് രാജ്യം എത്തിപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള കോണ്‍ഗ്രസ് അനുകൂലികളുടെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും വരാന്‍ പോകുന്നത് സുനാമിയാണെന്നും 2020 മാര്‍ച്ച് 17 നുതന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത് പോലെ തന്നെ സംഭവിച്ചുവെന്നും ഇപ്പോഴുള്ളത് കൊവിഡിന്റെ രണ്ടാം തരംഗമല്ല, സുനാമിയാണെന്ന് ദില്ലി ഹൈക്കോടതി തന്നെ പറഞ്ഞന്നെും സൂചിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് അനുകൂലികളുടെ പോസ്റ്റുകള്‍.
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് 41 ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കൊവിഡ് വൈറസ് രാജ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും കനത്ത വെല്ലുവിളിയാകുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. അന്ന് അദ്ദേഹം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച കാര്യങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും സൈബര്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
‘ആന്‍ഡമാന്‍ നിക്കോബാറില്‍ സുനാമി വരുന്നതിന് മുന്‍പ് കടല്‍വെള്ളം ഉള്‍വലിഞ്ഞിരുന്നു. ആ സമയത്ത് മത്സ്യത്തൊഴിലാളികള്‍ പയ്യെ മീന്‍പിടിക്കാനായി കടലിലേക്കിറങ്ങി. ആ സമയത്ത് തന്നെ വമ്പന്‍ തിരകള്‍ ഉയര്‍ന്നു. ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. വിഢികളെപ്പോലെ എന്ത് ചെയ്യണമെന്നറിയാതെ ചുറ്റിത്തിരിയുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. കൊവിഡ് ഒരു സുനാമി പോലെയാണ്’. രാഹുല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുന്നറിയിപ്പ് നല്‍കിയത് ഇങ്ങനെ. വീഡിയോ പങ്കുവെച്ചുകൊണ്ട് നേതാക്കളെ ഇനിയെങ്കിലും ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കണമെന്നും കോണ്‍ഗ്രസ് അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്.