ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് സാഹചര്യത്തിന്റെ തീവ്രത വ്യക്തമാക്കി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രങ്ങള്‍. ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ക്ക് സമീപത്തായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ചിത്രമാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്. മൃതദേഹം പിപിഇ കിറ്റ് പോലും ധരിക്കാതെ കത്തിക്കുന്നവരുടെ ചിത്രങ്ങളും റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ ഡെല്‍ഹിയില്‍ അതിരൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യത കുറവ് മൂലം 25 രോഗികള്‍ മരണപ്പെട്ടിരുന്നു. 60 കൊവിഡ് രോഗികളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ആശുപത്രികള്‍ക്ക് പുറത്ത് ഈ ആംബുലന്‍സികളിലും മറ്റ് വാഹനങ്ങളിലും കാത്തിരിക്കുന്ന രോഗികളുടെ നീണ്ട നിരയാണുള്ളത്. ചികിത്സ പ്രധാനമായും നടക്കുന്ന പല ആശുപത്രികളിലും മരുന്നിന്റെ ക്ഷാമവും ബെഡുകളുടെ അപര്യാപ്തതയും രൂക്ഷമാണ്.
ഇന്ന് എത്ര പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടുവെന്ന് ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ആളുകള്‍ പരിഭ്രാന്തരായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അടിയന്തരമായി ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഡെല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഡെല്‍ഹിക്ക് അനുവദിച്ച 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ പൂര്‍ണമായും നല്‍കുന്നത് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. നിരവധി മനുഷ്യരുടെ ജീവന്‍ അപകടത്തിലായേക്കാവുന്ന കാര്യമാണിത്. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണ്. വളരെ ഗൗരവത്തോടെയാണ് സാഹചര്യത്തെ വീക്ഷിക്കുന്നതെന്നും ഡെല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
ഓക്‌സിജന്‍ വിതരണത്തിന്റെ കാര്യത്തില്‍ കാത്തുനില്‍ക്കാനാവില്ല, ഇന്നു തന്നെ നടപടിയുണ്ടാകണം. ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഓക്‌സിജനുമായി വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ഗതാഗത തടസം നേരിടുന്നത് ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയിട്ടേഴ്സ്