രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല; മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ച് പ്രതിരോധിക്കാം: പ്രധാനമന്ത്രി




ഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റുപോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കില്ല. മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ദിശാബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയംസുനിശ്ചിതമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കുടിയേറ്റ തൊഴിലാളികള്‍ എവിടെയാണോ ഉള്ളത്, അവിടെത്തന്നെ തുടരാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം. എവിടെയാണോ തൊഴിലാളികള്‍ ഉള്ളത്, അതേ നഗരത്തില്‍ത്തന്നെ വാക്‌സിന്‍ നല്‍കണം. 

രാജ്യം നേരിടുന്ന വെല്ലുവിളി വലുതാണ്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് അതിനെ മറികടക്കാനാവുമെന്ന് മോദി പറഞ്ഞു
കോവിഡ് മഹാമാരിയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കുന്നു. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നു. വെല്ലുവിളി വലുതാണ്, അതു നമ്മള്‍ മറികടക്കും എന്നതിലും സംശയമില്ല. 

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓക്‌സിജന്റെ ആവശ്യം വര്‍ധിച്ചു. ഓക്‌സിജന്‍ ആവശ്യമുള്ള എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ ഒരുമിച്ച് ശ്രമിക്കുകയാണ്.മരുന്നുത്പാദനം ഏറ്റവും കൂടിയ തോതിലാണ് നടക്കുന്നത്. 12 കോടിക്ക് പുറത്ത് ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കി കഴിഞ്ഞു. മെയ് 1മുതല്‍ 18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പകുതി ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചില നഗരങ്ങളില്‍, വലിയ കോവിഡ് 19 ആശുപത്രികള്‍ നിര്‍മ്മിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 
أحدث أقدم