കോവിഡ് രോഗലക്ഷണം പ്രകടിപ്പിച്ച വയോധികയെ മകൻ വഴിയിൽ ഉപേക്ഷിച്ചു. തൊടുപുഴക്ക് സമീപം ഇടവെട്ടി പഞ്ചായത്തിലെ തൊണ്ടിക്കുഴയിലാണ് സംഭവം.
മറ്റൊരു മകനൊപ്പമായിരുന്നു 85കാരിയായ വയോധിക താമസിച്ചിരുന്നത്. എന്നാൽ മകന് കോവിഡ് ബാധിച്ചതിനാൽ താമസം മറ്റൊരു മകന്റെ വീട്ടിലേക്കു മാറ്റി. എന്നാൽ ഇയാൾ വ്യാഴാഴ്ച തൊണ്ടിക്കുഴയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അമ്മയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവമറിഞ്ഞ നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ ആശ പ്രവർത്തകയും പഞ്ചായത്ത് അംഗവും പോലീസും ചേർന്ന് ഇവരെ ആശുപത്രിയിൽ കൊണ്ടുപോയി. ഇവർക്ക് പനിയും ശ്വാസംമുട്ടലുമുണ്ട്. ഇവരെ ആദ്യം താമസിച്ചിരുന്ന വീട്ടിലേക്കു മാറ്റി. ഇവരെ അടുത്ത ദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കും.