വീട്ടില്‍ നിന്ന് കൊണ്ട് പോയ പണം തിരികെ തരേണ്ടി വരും; മുട്ടുമടക്കില്ലെന്ന് കെഎം ഷാജി


കണ്ണൂര്‍: വിജിലന്‍സ് വീട്ടില്‍ നിന്നും കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെഎം ഷാജി എംഎല്‍എ. വിജിലന്‍സിനെ ഉപയോഗിച്ച് പിണറായി വിജയന്‍ പകപോക്കുകയാണെന്നു ആരോപിച്ച എംഎല്‍എ രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം അനുവദിക്കണമെന്നും വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം പണം കൈവശമുണ്ടാവുമെന്ന് കരുതിയാണ് വിജിലന്‍സുകാര്‍ പണം എടുത്തത്. ഇത് തനിക്ക് തിരിച്ച് നല്‍കേണ്ടി വരുമെന്നും ഉറപ്പാണ്. എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടിയപ്പോഴും റെയ്ഡ് നടത്തിയപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണം ഏജന്‍സിക്കു മുന്‍പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. വിജിലന്‍സ് തന്നെ പിന്തുടരുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് അന്വേഷിക്കുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമമമാണ് നടത്തുന്നത്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും കെഎം ഷാജി പറഞ്ഞു.

കെഎം ഷാജിയുടെ വീട്ടില്‍നിന്നും 40 ലക്ഷം രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. കണ്ണൂരിലെ വീട്ടില്‍നിന്നാണ് പണം പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

ഇതിന് പുറമേ കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള വരുമാനത്തിലാണ് വരവില്‍ കൂടുതല്‍ വരവുള്ളത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍, 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ കാലത്തുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികമാണ്. പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസും നിലനില്‍ക്കുന്നുണ്ട്.
أحدث أقدم