ഡല്‍ഹി: കൊവിഡ് വായുവിലൂടെ പകരുമെന്നും അതിനാല്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് (എയിംസ്) ഡയറക്ടറും കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. രോഗബാധയെ പ്രതിരോധിക്കുന്നതിനായി സര്‍ജിക്കല്‍ മാസ്‌കോ, ഡബിള്‍ ലെയര്‍ മാസ്‌കോ ഉപയോഗിക്കണം. ആളുകള്‍ തിങ്ങി നില്‍ക്കാന്‍ പാടില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഗുലേറിയ പറഞ്ഞു.
കൊവിഡ് വായുവിലൂടെ പകരും. അടച്ചിട്ട മുറികളില്‍ ആളുകള്‍ തിങ്ങി നില്‍ക്കാന്‍ പാടില്ല. പ്രതിരോധ നടപടിയെന്നോണം സര്‍ജിക്കല്‍ മാസ്‌കോ, ഡബിള്‍ ലയര്‍ മാസ്‌കോ ധരിച്ചിരിക്കണം.
രണ്‍ദീപ് ഗുലേറിയ
കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കിയെന്നും വിവിധ സംസ്ഥാനങ്ങളിലായി നേരിട്ട ഓക്സിജന്‍, വാക്സിന്‍ ക്ഷാമം ഇതിന്റെ തെളിവാണെന്നും ഗുലേറിയ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജ്യം വാക്സിനേഷനിലേക്ക് കടന്നത്. ഈ സമയത്ത് രോഗ വ്യാപനത്തില്‍ വലിയ തോതില്‍ തന്നെ കുറവുണ്ടായിട്ടുണ്ട്. അതോടെ ജനങ്ങള്‍ കൊവിഡിന്റെ ജാഗ്രതയില്‍ നിന്നും വഴുതിമാറി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത സാഹചര്യമുണ്ടായി. ഇതോടൊപ്പം വൈറസിന് ജനിതക മാറ്റം സംഭവിക്കുകയും പെട്ടെന്നുള്ള വ്യാപനത്തിന് കാരണമാവുകയും ചെയ്തുവെന്നുമായിരുന്നു ശനിയാഴ്ച്ച അദ്ദേഹം പറഞ്ഞത്.
നേരത്തെ കൊവിഡ് ബാധിതനായിരുന്ന ഒരാള്‍ 30 ശതമാനം പേരിലേക്കാണ് രോഗം പകര്‍ത്തിയിരുന്നതെങ്കില്‍ ഇന്ന് അതിന്റെ വ്യാപന തോതില്‍ വര്‍ദ്ധനവുണ്ടായത് ആശങ്കയ്ക്ക് വഴിവെയ്ക്കുന്നുണ്ട്. ജനങ്ങള്‍ ഇപ്പോള്‍ രോഗത്തെ നിസ്സാരമായാണ് കാണുന്നത്. മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഇവിടങ്ങളില്‍ രോഗബാധ പെട്ടെന്ന് സംഭവിക്കുമെന്ന് ഗുലേറിയ മുന്നറിപ്പ് നല്‍കിയിരുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിതരായതായാണ് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം രാജ്യത്തെ 2,61,500 പേരാണ് കൊവിഡ് ബാധിതരായത്. പ്രതിദിന കൊവിഡ് കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1501 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു. ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 168,912 എന്ന നിരക്കിലും കൊവിഡ് മൂലമുള്ള മരണങ്ങള്‍ 904 എന്ന നിരക്കിലുമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിനുശേഷം ഇതാദ്യമായാണ് കൊവിഡ് മൂലമുള്ള മരണനിരക്ക് രാജ്യത്ത് ഈ വിധത്തില്‍ ഉയരുന്നത്.