കോവിഡ് നിയന്ത്രണങ്ങൾക്കിടെ 25 ആംബുലന്‍സുകളുമായി വിലാപയാത്ര; കേസെടുത്ത് പൊലീസ്



കൊല്ലം: വിലാപ യാത്രയ്ക്ക് കൂട്ടത്തോടെ 25 ആംബുലന്‍സുകള്‍ നിരത്തിലിറക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഒരുമിച്ച്‌ സൈറണ്‍ മുഴക്കി വിലാപ യാത്ര നടത്തിയ വിഷയത്തിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വാഹനാപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായാണ് 25 ഓളം ആംബുലന്‍സുകള്‍ റോഡിലൂടെ സൈറണ്‍ മുഴക്കി യാത്ര നടത്തിയത്.

നിയമ ലംഘനത്തിന്റെ  ‍ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കൊട്ടാരക്കര പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കൊട്ടാരക്കര സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ ഉണ്ണിക്കുട്ടന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്നലെ കരീലക്കുളങ്ങരയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടിരുന്നു.

ഉണ്ണിക്കുട്ടന്‍്റെ മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്ബോഴാണ് കൂട്ടത്തോടെ സൈറണ്‍ മുഴക്കി ആംബുലന്‍സുകള്‍ റോഡിലൂടെ സഞ്ചരിച്ചത്. രോഗികള്‍ ഉള്ളപ്പോഴോ അത്യാവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കാന്‍ പാടുള്ളു എന്നാണ് നിയമം ഇത്  ലംഘിച്ചുകൊണ്ടാണ് ആംബുലന്‍സുകള്‍ നിരത്തിലിറങ്ങിയത്.

 ഇവര്‍ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നുണ്ട്. 13 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനാണ് കേസ്. ആംബുലന്‍സുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.


Previous Post Next Post