കേരളത്തിൽ ചെന്നിത്തലയുടെ റോൾ കഴിഞ്ഞെന്ന് ഹൈക്കമാൻഡ്, പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റും



തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാൻ ഹൈക്കമാൻഡ്. പാര്‍ട്ടിയില്‍ തലമുറ മാറ്റവും സാമുദായിക സന്തുലനവും പാലിച്ച് ഒരാളെ പ്രതിപക്ഷ നേതാവാക്കണം എന്നാണ് ദേശീയ നേതാക്കൾക്കിടയിലെ ധാരണ. കഴിഞ്ഞ പതിനാറ് വര്‍ഷത്തോളമായി കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്കായ രമേശ് ചെന്നിത്തലയെ ഒഴിവാക്കുമെന്ന സൂചന ഹൈക്കമാന്‍ഡ് നേതാക്കൾ പങ്കുവച്ചു.

പത്ത് വര്‍ഷം കെ.പി.സി.സി അദ്ധ്യക്ഷന്‍, രണ്ട് വര്‍ഷം ആഭ്യന്തര മന്ത്രി, അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ രമേശ് ചെന്നിത്തല പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടി പരാജയപ്പെട്ടതോടെ കേരളത്തില്‍ ചെന്നിത്തലയുടെ റോള്‍ കഴിഞ്ഞെന്നാണ് ഹൈക്കമാൻഡ് നേതാക്കൾ പറയുന്നത്.

എ.ഐ.സി.സി പുനസംഘടന അധികം വൈകാതെ ഉണ്ടാവും. രമേശ് ചെന്നിത്തലയെ നിര്‍ണായക പദവികള്‍ നല്‍കി തട്ടകം ഡൽഹിയിലേക്ക് മാറ്റാനാണ് സാദ്ധ്യത. അങ്ങനെ വന്നാല്‍ കേരളത്തിന്‍റെ ഐ ഗ്രൂപ്പ് നേതൃത്വം കെ.സി വേണുഗോപാല്‍ ഏറ്റെടുക്കാനും സാദ്ധ്യതയുണ്ട്. ചെന്നിത്തലയെ അവഗണിക്കാന്‍ ഹൈക്കമാന്‍ഡിന് താത്പര്യമില്ല. അതുകൊണ്ടാണ് ദേശീയ തലത്തില്‍ വലിയ റോള്‍ നല്‍കാന്‍ ഒരുങ്ങുന്നത്. ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ചുമതലയായിരിക്കും നല്‍കുക. നേരത്തെ ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെയും തമിഴ്‌നാടിന്‍റെയും ചുമതലകള്‍ നല്‍കിയിരുന്നു. പ്രവർത്തകസമിതിയിലും രമേശ് ചെന്നിത്തലയെ പരിഗണിച്ചേക്കും. ഇതോടെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വി.ഡി സതീശന്‍റെ സാദ്ധ്യത വർദ്ധിക്കുകയാണ്. സൈദ്ധാന്തികവും രാഷ്ട്രീയവുമായി സി.പി.എമ്മിനെ നേരിടാന്‍ സതീശന് സാധിക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.


Previous Post Next Post