ആര്‍എസ്എസ് സംയോജകര്‍ പരാജയമായിരുന്നു; രാഷ്ട്രീയ ബോധ്യമുണ്ടായിരുന്നില്ല’; ബിജെപിയില്‍ വിമര്‍ശനം


നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വെച്ച സംയോജകര്‍ പരാജയമായിരുന്നുവെന്ന് ബിജെപിയില്‍ വിമര്‍ശനം. സ്ഥാനാര്‍ത്ഥികളുമായി പാര്‍ട്ടി നേതൃത്വം നടത്തിയ ഗൂഗിള്‍ അവലോകനത്തിലാണ് ആര്‍എസ്എസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

നിയോഗിച്ച പലര്‍ക്കും രാഷ്ട്രീയത്തെ കുറിച്ച് ബോധ്യമില്ലായിരുന്നുവെന്നും പല നിര്‍ദേശങ്ങളും അപ്രായോഗികമായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പല സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളും പ്രവര്‍ത്തന രംഗത്തുണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ബിഡിജെഎസ് പ്രവര്‍ത്തനത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. ബിഡിജെഎസ് ഭാരവാഹി മന്ത്രി തോമസ് ഐസക്ുമായി രഹസ്യ ചര്‍ച്ച നടത്തി വോട്ട് മറിച്ചത് വൈപ്പിനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി എടുത്തു പറഞ്ഞു. കഴിഞ്ഞ തവണ എസ്എന്‍ഡിപി യോഗവും, യോഗ ക്ഷേമ സഭയും കെപിഎംഎസും പിന്തുണ നല്‍കിയിരുന്നുവെങ്കില്‍ ഇത്തവണ അതുണ്ടായില്ലെന്നും യോഗം വിലയിരുത്തി.

മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി ഇറങ്ങിയിരിക്കുന്നവര്‍ക്ക് പാര്‍ട്ടി അലവന്‍സ് അനുവദിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. പറയുന്ന കാര്യങ്ങള്‍ പത്രങ്ങളില്‍ വരുമെന്നതിനാല്‍ ചിലര്‍ അഭിപ്രായങ്ങള്‍ എഴുതി അറിയിക്കാമെന്നും പറഞ്ഞു. ജില്ലാ നേതൃത്വത്തില്‍ നിന്നും കാര്യമായ സഹകരണം ലഭിച്ചില്ലെന്ന പരാതിയും എറണാകുളത്ത് നിന്നും ഉയര്‍ന്നു.
നാല് സ്ഥാനാര്‍ഥികള്‍ ഒഴികെ മറ്റെല്ലാവരും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ അവലോകന യോഗങ്ങളില്‍ സംസ്ഥാന നേതൃത്വത്തെക്കുറിച്ചുയരുന്ന രൂക്ഷ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ വഴി ചോരുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയെത്തുടര്‍ന്നാണ് പരാതികള്‍ എഴുതി നല്‍കാന്‍ ധാരണയായത്. സംസ്ഥാനത്തെ 31 ലക്ഷം പേര്‍ ബിജെപിയില്‍ പ്രാഥമിക അംഗത്വം എടുത്തിട്ടുണ്ടെങ്കില്‍ പോലും തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് വെറും 23.5 ലക്ഷം വോട്ടുകള്‍ മാത്രമാണെന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. നേതൃത്വത്തോടുള്ള പ്രവര്‍ത്തകരുടെ അതൃപ്തി കൂടി പ്രതിഫലിച്ച തെരഞ്ഞടുപ്പാണ് കഴിഞ്ഞത്. വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും നേതൃത്വത്തിന്റെ പരാജയമാണ് ദയനീയ തോല്‍വി സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടിയ്ക്ക് അകത്ത് നിന്നുതന്നെ അഭിപ്രായമുയരുന്നുണ്ട്
Previous Post Next Post