വൈപ്പിന്‍ നിയോജക മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ രജ്ഞിത്ത് രാജ്‌വിയുടെ വീട്ടില്‍ തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അത്താഴ വിരുന്ന് വിവാദമാവുന്നു. മന്ത്രിയെ കൂടാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ഉണ്ണികൃഷ്ണനും സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ് വിരുന്നില്‍ പങ്കെടുത്തത്. എസ്എന്‍ഡിപി ശാഖാ ഭാരവാഹികളും വീട്ടിലുണ്ടായിരുന്നു. മാതൃഭൂമി ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രജ്ഞിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്എന്‍ഡിപി യോഗം വനിതാ സംഘം സംസ്ഥാന പ്രസിഡണ്ടാണ്. ബിഡിജെഎസ് രൂപീകരിച്ച കാലം മുതല്‍ നിയോജക മണ്ഡലം പ്രസിഡണ്ടായ രജ്ഞിത്ത് ഹിന്ദു ഐക്യവേദി നേതാവ് കൂടിയാണ്. മാര്‍ച്ച് 28ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎന്‍ ഉണ്ണികൃഷ്ണന്‍ വനിതാ സംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യം അറിയിച്ചത്. പ്രചാരണത്തിനായി വൈപ്പിനിലെത്തുന്ന ദിനമായതു കൊണ്ട് തോമസ് ഐസകും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
വീട്ടിലെത്തിയ നേതാക്കളെ ഏതുപാര്‍ട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുണ്ടായതെന്ന് രഞ്ജിത് പറയുന്നു.
എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി എസ്എന്‍ഡിപിയിലെ ഇടത് അനുകൂല സംഘത്തിന്റെ യോഗം ചെറായിയിലെ പ്രമുഖ ഹോട്ടലില്‍ ചേര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഈ യോഗത്തില്‍ സിപി ഐഎം സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ബിഡിജെഎസ് നേതാക്കള്‍ വഴിയാണ് എന്‍ഡിഎ വോട്ടുകളുടെ കച്ചവടം എല്‍ഡിഎഫ് ഉറപ്പിച്ചത് കോണ്‍ഗ്രസ് ബ്ലോക് പ്രസിഡണ്ടും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ വിഎസ് സോളിരാജ് ആരോപിച്ചവെന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.