പിന്നിൽ ടോറസ് ഇടിച്ചതോടെ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി. ഒഴിവായത് വൻ ദുരന്തം


കോട്ടയം : പിന്നിൽ ടോറസ് ഇടിച്ചതോടെ നിയന്ത്രണം വിട്ട കാർ കുറവിലങ്ങാട് പള്ളിക്കവലയിലെ പച്ചമീൻകടയിലേക്ക് പാഞ്ഞുകയറി. വെളിയന്നൂർ ചെറുകരപറമ്പിൽ തോമസ്, ഭാര്യ ഡയ്‌സി, ഡയ്‌സിയുടെ അമ്മ അന്നമ്മ ജോസഫ് എന്നിവർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.  അന്നമ്മ ജോസഫിന് (90) പരിക്കേറ്റതിനെത്തുടർന്നു  ചികിത്സ തേടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
കടയിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം  നാലേകാലോടെ അപകടമുണ്ടായത്. വെളിയന്നൂർ ചെറുകരപറമ്പിൽ വീട്ടിൽ തോമസ്, ഭാര്യ ഡയ്‌സി എന്നിവർ, ഡയ്‌സിയുടെ അമ്മ ഏറ്റുമാനൂർ തവളക്കുഴി തെക്കെപ്പുരയിൽ  അന്നമ്മയെ ഏറ്റുമാനൂരിലെ വീട്ടിലാക്കാൻ പോവുമ്പഴായിരുന്നു അപകടം. 
പിന്നിൽ ടോറസ് ഇടിച്ചതോടെ നിയന്ത്രണം വിട്ട കാർ വഴി മുറിച്ചുകടന്ന് പച്ചമീൻകടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ തൂണുകൾ, മീൻതട്ട്, കടയുടെ മേൽക്കൂര, ബോർഡ്, സീലിങ് തുടങ്ങിയവ നശിച്ചതായി കടയുടമ മോനിപ്പള്ളി വേങ്ങച്ചുവട്ടിൽ സാബു പറഞ്ഞു. 
നാലു ജീവനക്കാരും ഒരു ഇടപാടുകാരനും കടയിലുണ്ടായിരുന്നു. ലോക്ഡൗൺ ആയതിനാൽ  ഇടപാടുകാർ കുറവായിരുന്നതുകൊണ്ട് വൻ അപകടം ഒഴിവായി.
Previous Post Next Post