തിരുവനന്തപുരം.: കൊറോണ വ്യാപനത്തിനിടെ കടുത്ത ഓക്‌സിജൻ പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിൽ നിന്നും സംസ്ഥാനത്തിന് കൂടുതൽ ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചു. മൂന്ന് ജില്ലകളിലാണ് പ്ലാന്റുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്നും സംസ്ഥാനത്തിന് കഴിഞ്ഞ ദിവസങ്ങളിലും ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകൾക്കാണ് ഇപ്പോൾ പ്ലാന്റുകൾ അനുവദിച്ചിരിക്കുന്നത്. ഇതോടെ പിഎംകെയറിന്റെ കീഴിൽ കേരളത്തിന് അനുവദിച്ച പ്ലാന്റുകളുടെ എണ്ണം അഞ്ചായി.
നിലവിൽ എറണാകുളം, മെഡിക്കൽ കോളേജ് ആശുപത്രിയിലും, തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ഓക്‌സിജൻ പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. മിനിറ്റിൽ 600 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന് പ്ലാന്റാണ് എറണാകുളം മെഡിക്കൽ കോളേജിൽ ഉള്ളത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്ലാന്റിൽ മിനിറ്റിൽ ആയിരം ലിറ്റർ ഓക്‌സിജനും നിർമ്മിക്കാം.
കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്ന് ഭൂരിഭാഗം ആശുപത്രികളും വലിയ ഓക്‌സിജൻ ക്ഷാമമാണ് നേരിടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്ലാന്റുകൾക്കായി കേന്ദ്രം അനുമതി നൽകിയത്. കൂടുതൽ പ്ലാന്റുകൾ എത്തുന്നതോടെ സംസ്ഥാനത്തെ ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരമാകും.