കോഴിക്കോട് : മഹാമാരിക്കാലത്തും പ്രളയകാലത്തും സമാനമായ എല്ലാ ദുരന്തമുഖങ്ങളിലും യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ പ്രവർത്തിച്ച യുവതയുടെ നാടാണ് കേരളം. ഇന്നിതാ ശ്വാസം കിട്ടാതെ മരണത്തെ മുഖാമുഖം കണ്ട കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലപ്പുഴ സ്വദേശികളായ രേഖ പി മോളും അശ്വിൻ കുഞ്ഞുമോനും. ഡിവൈഎഫ്ഐ ആലപ്പുഴ ഭഗവതിക്കൽ യൂണിറ്റ് അംഗങ്ങളാണ് ഇരുവരും.
ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററിൽ ഇന്നു രാവിലെയാണ് സംഭവം. പഞ്ചായത്തിനു കീഴിലെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ എത്തിയതായിരുന്നു അശ്വിൻ കുഞ്ഞുമോനും രേഖയും. ഈ സമയമാണ് പെട്ടെന്നൊരു രോഗിക്ക് ശ്വാസം കിട്ടാത്ത നിലവന്നത്. കേന്ദ്രത്തിലെ സന്നദ്ധപ്രവർത്തകർ ഉടൻ തന്നെ ആംബുലൻസിൽ വിവരമറിയിച്ചെങ്കിലും ആംബുലൻസ് എത്താൻ പത്തുമിനുട്ട് താമസിക്കുമെന്നതിനാൽ ഒട്ടും സമയം പാഴാക്കാതെ രോഗിയെ ബൈക്കിലിരുത്തി രേഖയും അശ്വിനും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ നിമിഷം ആംബുലൻസിനായി കാത്തിരുന്നുവെങ്കിൽ രോഗിയുടെ ജീവൻ നഷ്ടമായേനെ എന്നിടത്താണ് ഇവരുടെ ജാഗ്രതയുടെ വില ഒരു ജീവനോളം വലുതാവുന്നത്.