എന്നാല്‍ ആവശ്യം പറ്റില്ലെന്നു ജയില്‍ വകുപ്പ്. ഇതോടെ വിഷയം കോടതി കയറി. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികള്‍ അടക്കം 8 പേരാണു കോഫെപോസ കരുതല്‍ തടങ്കലില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്. പി.എസ്.സരിത്, കെ.ടി.റമീസ്, റബിന്‍സ്, ഹമീദ്, സന്ദീപ് നായര്‍, എ.എം. ജലാല്‍, മൊഹസിന്‍, മുഹമ്മദ് ഷാഫി എന്നിവര്‍. അതേസമയം ഇവര്‍ക്കു ദിവസവുമുള്ള സൗജന്യ ജയില്‍ ഭക്ഷണത്തിനു പുറമേ മാസം 1200 രൂപയ്ക്കു ജയില്‍ കന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ അനുമതിയുണ്ട്.
1200 രൂപ പോരെന്നും പരിധിയില്ലാതെ പണം ചെലവിട്ടു ഭക്ഷണം വാങ്ങാന്‍ അനുവദിക്കണമെന്നും റമീസും റബിന്‍സുമടക്കം 3 പേര്‍ ഏപ്രില്‍ അവസാനം അഭിഭാഷകന്‍ മുഖേന കത്ത് നല്‍കി. മറ്റൊരു പ്രതി വക്കീല്‍ നോട്ടിസ് നല്‍കി. എന്നാല്‍ ജയിലിലെ എല്ലാ പ്രതികള്‍ക്കും സൗജന്യ ഭക്ഷണത്തിനു പുറമേ പ്രതിമാസം 1200 രൂപ ചെലവഴിക്കാന്‍ മാത്രമേ അവകാശമുള്ളൂ എന്ന് ജയില്‍ അധികൃതര്‍ മറുപടി നല്‍കി.
കോഫെപോസ പ്രതികള്‍ക്കു മാത്രം പ്രത്യേക ഇളവു പറ്റില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്ന് 3 പ്രതികളുടെ ബന്ധുക്കള്‍ അഭിഭാഷകര്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചു. കോടതിയെയും ഇതേ നിലപാടു ജയില്‍ വകുപ്പ് അറിയിച്ചു. ജയിലിലെ എ, ബി സ്‌പെഷല്‍ ബ്ലോക്കുകളിലാണു കോഫെപോസ പ്രതികള്‍. ഒരു സെല്ലില്‍ 2 പേര്‍ വീതം. ഇവിടെ കഴിയുന്ന മറ്റൊരു പ്രതിയുടെ പേരില്‍ ഇവര്‍ പുറത്തു നിന്നു മണി ഓര്‍ഡറായി പണം അയപ്പിച്ചു. ശേഷം അതുപയോഗിച്ചു പാഴ്‌സലായി യഥേഷ്ടം ബിരിയാണിയും ചിക്കനും പൊറോട്ടയുമെല്ലാം ദിവസവും വാങ്ങിയതായി അധികൃതര്‍ കണ്ടെത്തി. . പേരില്‍ പണം വന്ന തടവുകാരനുമായി സ്വര്‍ണക്കടത്തു പ്രതികള്‍ തെറ്റിപ്പിരിഞ്ഞതോടെ അയാളെ അവിടെ നിന്നു മാറ്റണമെന്നായി ആവശ്യം. എന്നാല്‍ ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.
അടുത്തിടെ ഇതേ കേസില്‍ പെട്ട സ്വപ്ന സുരേഷ് വ്യാജ പരാതി കേസില്‍ 9 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്നു. ക്രൈംബ്രാഞ്ച് ഓഫിസിലെ മുറിയില്‍ വിശാലമായ വിശ്രമവും ഉറക്കവും. 3 നേരം കടയില്‍ നിന്ന് ഇഷ്ടഭക്ഷണവും . ഇതെല്ലാം മറ്റു സ്വര്‍ണക്കടത്തു പ്രതികളെയും പ്രലോഭിപ്പിക്കുന്നു.
3 ദിവസം രാവിലെ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും. 2 ദിവസം ഉപ്പുമാവ്. ഒരു ദിവസം ദോശ അല്ലെങ്കില്‍ ഇഡ്ഡലി. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഊണിനൊപ്പം മീന്‍. ശനിയാഴ്ച ആട്ടിറച്ചി. വൈകിട്ട് നാലരയ്ക്കു ദിവസവും ചോറും കറികളും അത്താഴത്തിന്. ഇതാണു തടവുകാര്‍ക്കുള്ള സൗജന്യ ഭക്ഷണം. ഇതിനു പുറമേയാണ് 1200 രൂപ മാസം ചെലവഴിക്കാന്‍ എല്ലാ തടവുകാര്‍ക്കും അനുവാദം.
പുറത്തുള്ളവര്‍ക്കു വില്‍ക്കുന്ന ജയില്‍ ചപ്പാത്തി, ചിക്കന്‍ കറി, ഫ്രൈ, ചിക്കന്‍ ബിരിയാണി എന്നിവയെല്ലാം തടവുകാര്‍ക്കു ജയില്‍ കന്റീന്‍ വഴി ഈ പണം കൊടുത്തു വാങ്ങാം. ദിവസവും എല്ലാ നേരവും പാഴ്‌സല്‍ മാത്രം കഴിക്കാന്‍ ഈ പണം തികയില്ല. അതിനാലാണു പരിധിയില്ലാതെ ഭക്ഷണം വാങ്ങണമെന്ന ആവശ്യം ഇവര്‍ ഉയര്‍ത്തിയത്.