കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് അമീതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങി





തിരുവനന്തപുരം : പിപി.ഇ.കിറ്റ്, പൾസ് ഓക്സിമീറ്റർ, ഗ്ലൗസ്, സാനിറ്റൈസർ, തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുകയും വില രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽക്കുകയും ലീഗൽ മെട്രോളജി വകുപ്പിൻ്റെ ലൈസൻസില്ലാതെ ബി.പി.അപ്പാരറ്റസ്, ക്ലീനിക്കൽ തെർമോ മീറ്റർ തുടങ്ങിയവ വിൽക്കുകയും ചെയ്ത 28 സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.

കോവിഡ് പ്രതിരോധത്തിനാവശ്യമായ പതിനഞ്ച് ഇനം സാധനങ്ങൾക്ക് അവശ്യ സാധന നിയന്ത്രണ നിയമ പ്രകാരം പരമാവധി വിൽപ്പനവില നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതിനെക്കാൾ ഉയർന്ന വില ഈടാക്കുകയായിരുന്നു. അവശ്യ സാധന നിയമ പ്രകാരം പരിശോധനടത്തുവാനും കേസ് രജിസ്റ്റർ ചെയ്യുവാനും ലീഗൽ മെട്രോളജി വകുപ്പിനെ കുടി ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.


 
മെഡിക്കൽ ഷോപ്പുകൾ, സർജിക്കൽസ് എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. 120 സ്ഥാപനങ്ങളിൽ ഇന്ന് പരിശോധന നടത്തിയതായും വരും ദിവസങ്ങളിലും ആരോഗ്യമേഖല കേന്ദ്രീകരിച്ചുള്ള മിന്നൽപരിശോധനകൾ തുടരുമെന്നും ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി.വർഗ്ഗീസ് പണിക്കർ IAS അറിയിച്ചു.

Previous Post Next Post