കിണറ്റിൽ‍ വീണ ബക്കറ്റ് എടുക്കാന്‍ ഇറങ്ങിയ അച്ഛനും സഹായത്തിനെത്തിയ മകനും ശ്വാസംമുട്ടി മരിച്ചു

 


പാലക്കാട്:  കിണറ്റിൽ വീണ ബക്കറ്റ് എടുക്കാന്‍ ഇറങ്ങിയ അച്ഛനും സഹായത്തിനെത്തിയ മകനും ശ്വാസംമുട്ടി മരിച്ചു. 

മാത്തൂര്‍ പൊടിക്കുളങ്ങര പനങ്കാവ് വീട്ടില്‍ രാമചന്ദ്രനും (55) മകന്‍ ശ്രീഹരി (22) യുമാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു  അപകടം. കിണറ്റിലിറങ്ങിയ രാമചന്ദ്രന്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുന്നത് കണ്ട ശ്രീഹരിയും അയല്‍വാസി നിധിനും കിണറിലേക്ക് ഇറങ്ങുകയായിരുന്നു.

ശ്രീഹരിയും ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. ശ്രീഹരിയെ രക്ഷപ്പെടുത്താന്‍ നിധിന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രാമചന്ദ്രന്റെ ഭാര്യ പത്മാവതി നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും നിധിനെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ.

ആലത്തൂരില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Previous Post Next Post