ഇന്ധനവിലയ്‌ക്കെതിരെ സമരമല്ല വേണ്ടത് നികുതിയിളവ്’; സംസ്ഥാന സര്‍ക്കാരിനോട് കെ സുധാകരന്‍
ഇന്ധനവിലവര്‍ധനവിനെതിരെ പ്രക്ഷോഭം നടത്തുകയല്ല നികുതി ഇളവ് നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നികുതി കുറയ്ക്കാതെ കണ്ണില്‍ പൊടിയിടാനുള്ള സമരം ജനം പുച്ഛിച്ചു തള്ളുമെന്നും കെ സുധാകരന്‍ പറഞ്ഞു.
ഇന്ധനവില നൂറു കടക്കുമ്പോള്‍ നികുതിയിനത്തില്‍ സര്‍ക്കാര്‍ പിടിച്ചു വാങ്ങുന്നത് 22.71 രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നത് 32.90 രൂപയും. കൊല്ലുന്ന രാജാവിനെ തിന്നുന്ന മന്ത്രി എന്ന തരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനത്തെ കൊള്ളയടിക്കുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.

കൊവിഡ് മഹമാരിയില്‍ ജനം നട്ടം തിരിയുമ്പോള്‍ ആശ്വാസം പകരുന്നതിന് പകരം ഇരുവരും ഖജനാവ് വീര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഇന്ധനവില കൂടിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 619.17 കോടി രൂപയുടെ നികുതി ഇളവ് നല്‍കിയത് പിണറായി സര്‍ക്കാര്‍ അവഗണിക്കുന്നെന്ന് കെ സുധാകരന്‍ പറഞ്ഞു.

രാജസ്ഥാന്‍, അസം, മേഘാലയ, പശ്ചിമബംഗാള്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചത് കാണാനും ഇവര്‍ക്ക് കണ്ണില്ല. ഒരു തവണ പോലും നികുതി കുറയ്ക്കാതെ കേന്ദ്രത്തിന് കുറ്റം ചുമത്തി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടി. ഇന്ധനവില ജിഎസ്ടിയില്‍ നികുതി വലിയ തോതില്‍ കുറയും. എന്നാല്‍ പിണറായി സര്‍ക്കാര്‍ അതിനും എതിര് നില്‍ക്കുന്നെന്നും കെ സുധാകരന്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് വില നിയന്ത്രിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു
Previous Post Next Post