സംസ്ഥാന പൊലീസ് മേധാവിയായി എഡിജിപി അനിൽ കാന്ത് നിയമിതനായി
30-06-2021
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി അനില്‍കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിലവില്‍ എ.ഡി.ജി.പി റാങ്കിലുള്ള അനില്‍കാന്തിന് ഉടൻതന്നെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കും. 

ഡി.ജി.പി റാങ്കിലുള്ള സുദേഷ്‌കുമാറിനെയും ബി.സന്ധ്യയേയും പിന്തള്ളിയാണ് ദൽഹി സ്വദേശിയായ ‍ അനില്കാന്തിന്റെ നിയമനം. യു.പി.എസ്.സി അംഗീകരിച്ച പട്ടികയില്‍ അനില്‍കാന്ത് ഉള്‍പ്പെട്ടിരുന്നതിനാല്‍ നിയമനത്തില്‍ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുമുണ്ടാകില്ല.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് അനില്‍കാന്തിന്റെ നിയമനം. ഇന്ന് വൈകിട്ട് അദ്ദേഹം ചുമതലയേറ്റെടുത്തേക്കും. പട്ടിക വര്‍ഗവിഭാഗത്തില്‍ നിന്നും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തെത്തുന്ന ആദ്യയാളാണ് അനില്‍കാന്ത്. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട പദവികള്‍ ഏറെ വഹിച്ചിട്ടുള്ളത് അനില്‍കാന്തിന് പുതിയ പദവിക്ക് അനുകൂലമായി.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് അനില്‍കാന്ത് പറഞ്ഞു. മുന്‍ ഡി.ജി.പി സ്വീകരിച്ച നല്ല കാര്യങ്ങള്‍ പിന്തുടരുമെന്നും അനില്‍കാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അനില്‍ കാന്ത്  നിലവില്‍ സംസ്ഥാന റോഡ് സേഫ്ടി ഓഫീസറാണ്. ക്രൈം.ബ്രാഞ്ച്, ജയില്‍ വകുപ്പ് മേധാവിയായും ദക്ഷിണ മേഖല എ.ഡി.ജി.പിയുമായിട്ടുണ്ട്. പോലീസ് വകുപ്പിലെ ഉന്നതരില്‍ കൂടുതല്‍ പേരുടെയും പിന്തുണ അനില്‍ കാന്തിനായിരുന്നു. ലോക്നാഥ് ബെഹ്റയും പോലീസ് അസോസിയേഷനും അനില്‍ കാന്തിനെ പിന്തുണച്ചിരുന്നു. ബെഹ്റയ്ക്കൊപ്പം ക്രമസമാധാന സുരക്ഷയില്‍ അനില്‍ കാന്ത് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.


Previous Post Next Post