കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡി വൈ എഫ് ഐ യിൽ നിന്ന് പുറത്താക്കി

കണ്ണൂർ : കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും മുഖം രക്ഷിക്കാൻ ഡി.വൈ.എഫ്.ഐ. അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ സജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഡി വൈ എഫ് ഐ ചെമ്പിലോട് മേഖല സെക്രട്ടറിയായിരുന്നു സജേഷ്.

സംഘടനയ്ക്ക് യോജിക്കാത്ത തരത്തിൽ സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതായി ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സജേഷിന്റെ ഉടമസ്ഥതയിലുള്ള ചുവന്ന മാരുതി സ്വിഫ്റ്റ് കാറിലാണ് അർജുൻ കരിപ്പൂരിൽ നിന്നും സ്വർണം കടത്തിയിരുന്നത്. ഈ കാർ പോലീസ് അന്വേഷിച്ചുവരികയാണ്. അർജുന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അർജുന്റെ പക്കലായിരുന്നു കാർ എന്നാണ് വിവരം.

കാർ പോലീസ് അന്വേഷിക്കുന്നതായി വിവരം ലഭിച്ചതിന് പിന്നാലെ കാർ കാണാനില്ലെന്ന പരാതിയുമായി സജേഷ് പോലീസിനെ സമീപിച്ചിരുന്നു. ആശുപത്രി ആവശ്യത്തിനായാണ് അർജുന് വാഹനം നൽകിയതെന്നാണ് സജേഷിന്റെ വാദം. എന്നാൽ കേസിൽ നിന്നും തടിയൂരാനുള്ള ശ്രമമാണ് സജേഷിന്റേത് എന്നാണ് നിഗമനം.


Previous Post Next Post