പ്ലസ് വണ്‍ പരീക്ഷ: ‘എന്തിനാണ് വാശി’, കേരളത്തിനും ആന്ധ്രാപ്രദേശിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം


ജോവാൻ മധുമല 
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളത്തിനും ആന്ധ്രാപ്രദേശിനുമെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തിനെതിരെയാണ് കോടതി രംഗത്തെത്തിയത്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതകള്‍ പ്രവചിച്ചിരിക്കെ കുട്ടികളെ അപകടപ്പെടുത്തുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രാപ്രദേശും സമര്‍പ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു.
ആന്ധ്രാപ്രദേശില്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ടെന്നും ഇതിനായി 38,000 ക്ലാസ് മുറികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കൊവിഡ് സാഹചര്യം വിലയിരുത്തി കോടതി നിലപാട് വ്യക്തമാക്കിയത്. കൊവിഡ് ആശങ്ക നിലനില്‍ക്കെ എന്തിനാണ് പരീക്ഷ നടത്തണമെന്ന വാശിയെന്നും മറ്റെന്തെങ്കിലും ക്രമീകരണം ബന്ധപ്പെട്ട ബോര്‍ഡുകളുമായി ആലോചിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടതെന്ന് ചോദിച്ച കോടതി ഇത് കേരളത്തിനും ബാധകമാണെന്ന് അറിയിക്കുകയായിരുന്നു
കൊവിഡ് സാഹചര്യം മെച്ചപ്പെടുന്ന നിലയ്ക്ക് സംപ്തംബര്‍ മാസത്തോട് കൂടി പരീക്ഷ നടത്തുമെന്നാണ് കേരളം സുപ്രീകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിന്റെ ഷെഡ്യൂളുകള്‍ പുനഃപരിശോധിക്കണമെന്നും വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി കേരളത്തെ അറിയിച്ചു. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ കേരള ഹൈക്കോടതിയെ സമീപിക്കുവാനും കോടതി നിര്‍ദ്ദേശം നല്‍കി.


Previous Post Next Post