ജീവനാണ് മുഖ്യമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം, പരീക്ഷകള്‍ നിര്‍ത്തിവെക്കണം : കെ സുധാകരന്‍

 



 

തിരുവനന്തപുരം : പരീക്ഷകള്‍ മനുഷ്യത്വത്തിന്റെ പേരില്‍ മാറ്റിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജീവനാണ് മുഖ്യമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. പരീക്ഷകള്‍ നിര്‍ത്തിവെക്കണം. കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷ നടത്തണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത് എന്തിനാണെന്നും കെ സുധാകരന്‍ ചോദിച്ചു.

രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക സര്‍ക്കാര്‍ മനസ്സിലാക്കണം. പരീക്ഷയ്ക്ക് വരുന്ന കുട്ടികള്‍ക്ക് കോവിഡ് വരില്ലെന്ന് സര്‍ക്കാരിന് ഉറപ്പു പറയാനാകുമോ. ഇത് ഏകാധിപത്യ നിലപാടാണ്. കേരളത്തില്‍ മാത്രം കോവിഡ് കുറയുന്നില്ല. എന്നിട്ടും ധിക്കാരം തുടരുന്നു. 

പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുക. ഇതിന് പ്രായത്തിന്റെ അതിര്‍ വരമ്പ് വെക്കുന്നതിന്റെ യുക്തി എന്താണ്. എല്ലാവര്‍ക്കും നല്‍കേണ്ടതല്ലേ എന്നും കെ സുധാകരന്‍ ചോദിച്ചു. കോവിഡ് ബാധിച്ച് മരിച്ച പലരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. 

കൊടി സുനിക്കും കിര്‍മാണി മനോജിനുമെതിരെ നടപടി എടുക്കുമോ ?. കുറ്റവാളികളെ സിപിഎം പുറത്താക്കുമോ ?. നടപടി എടുക്കാന്‍ സിപിഎമ്മിന് ധൈര്യമുണ്ടോ ?. വെല്ലുവിളിക്കുകയാണ്. കൊടി സുനിയേയും ആകാശ് തില്ലങ്കേരിയേയുമൊക്കെ സിപിഎമ്മിന് പേടിയാണ്. ദുഷിച്ചുനാറുന്ന ഒരുപാട് രഹസ്യങ്ങള്‍ അവര്‍ക്കറിയാം, അതാണ് കാരണം. ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചപ്പോള്‍ ഡിവൈഎഫ്‌ഐ പോയി കാലുപിടിച്ചില്ലേ എന്നും സുധാകരന്‍ ചോദിച്ചു.

കണ്ണൂര്‍ ജയിലിനെ നിയന്ത്രിക്കുന്നത് കൊടി സുനിയാണ്. ജയില്‍ സൂപ്രണ്ടു പോലും കൊടി സുനിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സെല്ലിന് മുന്നില്‍ ആരൊക്കെ കാവല്‍ നില്‍ക്കണമെന്നു പോലും തീരുമാനിക്കുന്നത് ഇവരാണ്. ഇവര്‍ക്ക് ഇതിനുള്ള ധൈര്യം ലഭിക്കുന്നത് എവിടെ നിന്നാണ് ?. ഇവരുടെ റോള്‍ മോഡല്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെയാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

Previous Post Next Post