റ്റിജോ എബ്രഹം
ന്യൂസ് ബ്യൂറോ കുവൈറ്റ്.
ദോഹ: കോവിഡ് കാരണം നാട്ടിൽ കുടുങ്ങി കിടക്കുന്ന ഗൾഫ് രാജ്യങ്ങളിലെ പ്രവാസ സമൂഹത്തിന് ആശ്വാസമായി ഖത്തറിെൻറ ഓൺ അറൈവൽ യാത്ര പാക്കേജുകൾ.ജൂലൈ 12ന് പുതിയ യാത്ര നയം പ്രാബല്യത്തിൽ വന്നതിനു പിറകെയാണ് ഓൺ അറൈവൽ വിസ നടപടികളും ഖത്തർ പുനരാരംഭിച്ചത്. വ്യാഴാഴ്ച ഈ വഴിയുള്ള ആദ്യ യാത്രസംഘങ്ങൾ എത്തിയതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള പ്രവാസികളും ഖത്തർ വഴി യാത്രക്കായി ഒരുങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് അന്വേഷണങ്ങളാണ് ദിവസവും തേടിയെത്തുന്നതെന്ന് ട്രാവൽ- ടൂറിസം മേഖലയിൽനിന്നുള്ളവർ പറഞ്ഞു. ഇന്ത്യയിൽനിന്ന് നേരിട്ട് യാത്രവിലക്കുള്ള സൗദി, ഒമാൻ, യു.എ.ഇ, കാനഡ രാജ്യങ്ങളിലേക്കുള്ളവർക്കായി ട്രാവത്സുകൾ പ്രത്യേക ഓൺ അറൈവൽ പാക്കേജുകളും ഏർപ്പെടുത്തി.ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ പൂർത്തിയാക്കിയ ആളുകൾക്ക് ഇപ്പോൾ ഖത്തറിലേക്ക് വിസ ഫ്രീ അറൈവൽ സാധ്യമാണെന്ന് ഖത്തർ എയർവേയ്‌സ് സ്ഥിരീകരിച്ചു.ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകൾ എടുത്ത യാത്രക്കാർക്ക് മാത്രമേ വിസ ഇളവ് നീട്ടുകയുള്ളൂ. നാല് വാക്‌സിനുകൾക്ക് ഇതുവരെ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫൈസർ-ബയോടെക്, മോഡേണ, അസ്ട്രാസെനെക്ക/കോവിഷീൽഡ്, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണത്. കൂടാതെ സിനോഫാം നിബന്ധനയോടെ അംഗീകരിച്ചിട്ടുണ്ട്. സിനോഫാർമിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച സന്ദർശകർക്ക് ഖത്തറിലെത്തിയാൽ കോവിഡ്-19 ആന്റിബോഡി പരിശോധന നടത്തേണ്ടതുണ്ട്.വാക്സിനേഷൻ പൂർത്തിയാക്കിയതിനു ശേഷം 14 ദിവസം കഴിഞ്ഞുവെന്ന് യാത്രക്കാർ ഉറപ്പുവരുത്തണം. പ്രായം കണക്കിലെടുക്കാതെ എല്ലാ സന്ദർശകരും ഖത്തറിലെത്തുന്നതിന്റെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ഒരു നെഗറ്റീവ് പിസിആർ പരിശോധന ഫലം നൽകണം.പൂർണമായും പ്രതിരോധ കുത്തിവയ്പ് നൽകിയ പൗരന്മാരെയും താമസക്കാരെയും യാത്രക്കാരെയും ക്വാറൻറീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എല്ലാ യാത്രാ മാനദണ്ഡങ്ങളും പാലിക്കണം