കൊച്ചി: കളമശ്ശേരിയിൽ വീട് ഇടിഞ്ഞ് വീണു. ഒരു നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുകയായിരുന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് വൻ അപകടം ഉണ്ടായത്. അതേസമയം സംഭവത്തിൽ ആളപായമില്ല.
ഹംസ എന്ന ആളുടെ വീടാണ് ഇടിഞ്ഞ് വീണത്. വീട്ടിൽ ഒരു സ്ത്രീയും മകളുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് നാട്ടുകാർ എത്തി ഏണി ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. താഴത്തെ നിലയിൽ ആൾ താമസമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
ചെങ്കല്ല് കൊണ്ട് പണിത വീടിന് 20 വർഷത്തെ പഴക്കമുണ്ട്. വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് ഇരുന്ന് പോകുകയായിരുന്നു.
അതേസമയം വീടിന്റെ ബാക്കി ഭാഗം മറ്റൊരു വീടിന്റെ ഭിത്തിയിലേക്ക് ചെരിഞ്ഞാണ് നിൽക്കുന്നത്. അപകടകരമായി തുടരുന്നതിനാൽ പൊളിച്ച് നീക്കാനാണ് ശ്രമം. പോലീസും ഫയർഫോഴ്സും എത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി മുതൽ മധ്യകേരളത്തിൽ മഴ തുടരുകയാണ്.