സര്‍ക്കാര്‍ വാഹനത്തിന്റെ റോഡ് ടാക്‌സ്; സത്യം അറിയാത്തതോ, അതോ അറിഞ്ഞിട്ടും നടിക്കുന്നതോയെന്ന് മോട്ടോര്‍ വാഹനവകുപ്പ്


എം.വി.ഡിയുടെ വാഹന പരിശോധന ശക്തമായതോടെ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ വിമർശനങ്ങളാണ് വകുപ്പിനെതിരേ ഉണ്ടാകുന്നത്. എം.വി.യുടെ വാഹനങ്ങളിൽ പതിച്ചിട്ടുള്ള സ്റ്റിക്കറുകളെ പോലും വെറുതെ വിടാതെയാണ് വിമർശകരുടെ പോസ്റ്റുകളും മറ്റും. എന്നാൽ, ഇതിനേക്കാളേറെ പ്രധാനപ്പെട്ട ഒന്നാണ് എം.വി.ഡിയുടെയും മറ്റ് സർക്കാർ വകുപ്പുകളുടെയും മറ്റും ടാക്സ് കാലാവധി അവസാനിച്ചതാണെന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും മറ്റും.
ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്ന വിമർശങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. സമൂഹ മാധ്യമങ്ങളിൽ വിമർശനവുമായി എത്തുന്നവർ വസ്തുതകൾ അറിയാഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ടും അറിയില്ല എന്ന് നടിച്ചിട്ടാണോ ഇത്തരം സർക്കാർ വാഹനങ്ങൾക്ക് ടാക്സ്, ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെന്ന് പ്രചരിപ്പിക്കുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച വിശദീകരണവും മോട്ടോർ വാഹന വകുപ്പ് നൽകുന്നുണ്ട്. 1975 മുതൽ തന്നെ സർക്കാർ വാഹനങ്ങളെ റോഡ് ടാക്സ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്ട് വകുപ്പ് 22 പ്രകാരം സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ ചില വിഭാഗം വാഹനങ്ങളെ ടാക്സ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരമുണ്ടെന്നും മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണത്തിൽ പറയുന്നു.
എസ്.ആർ.ഒ. 878/75 സർക്കാർ ഉത്തരവ് അനുസരിച്ച് 29 വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കാണ് ഇത്തരത്തിൽ നികുതിയും മറ്റും ഇളവ് ചെയ്ത് നൽകിയിട്ടുള്ളത്. ഇതിൽ പ്രഥമസ്ഥാനം സർക്കാർ വാഹനങ്ങൾക്കാണ്. സർക്കാർ വാഹനങ്ങൾക്ക് ഇൻഷുറൻസ് എടുക്കുന്നത് സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിൽ നിന്നാണ്. അടുത്തിടെയാണ് സ്റ്റേറ്റ് ഇൻഷുറൻസ് പോളിസികൾ ഓൺലൈനിൽ ലഭ്യമാക്കാനുള്ള നടപടി ഒരുങ്ങിയത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം പോളിസികളും പരിവാഹനിൽ അപ്ഡേറ്റ് ആയിട്ടില്ലെന്നാണ് എം.വി.ഡി. പറയുന്നത്.

പുക പരിശോധന നടത്തിയിട്ടില്ലെന്ന് പറയുന്നവർക്കും മറുപടി നൽകിയിട്ടുണ്ട്. പുക പരിശോധനാ കേന്ദ്രങ്ങൾ അടുത്തിടെയാണ് ഓൺലൈനായത്. അതുകൊണ്ടുതന്നെ ഓൺലൈൻ ആകുന്നതിന് മുമ്പ് എടുത്ത സർട്ടിഫിക്കറ്റുകൾ സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ആയിട്ടില്ല. ഈ സഹചര്യത്തിൽ അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

Previous Post Next Post