തൃശൂര്‍/ ചാലക്കുടിയില്‍ സ്ത്രീയുടെ കഴുത്തില്‍ കത്തിവച്ച് മാല കവര്‍ന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. കവർച്ചക്കിടിടെ യുവതി പല തവണ പറഞ്ഞു മുക്കുപണ്ടമാണെന്ന്. സ്വകാര്യ ഇന്‍ഷുറന്‍സ് ഏജന്റിന്റെ ഓഫീസില്‍ കയറി മാല പിടിച്ചുപറിച്ച് രക്ഷപ്പെടാന്‍ നോക്കുന്നതിനിടെയാണ് പ്രതി നാട്ടുകാരുടെ പിടിയിലാവുന്നത്.
ഇന്‍ഷുറന്‍സ് ഏജന്റായ സിന്ധു ജോസഫിന്റെ മാലയാണ് കവര്‍ന്നത്. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോല സ്വദേശി മനു കുര്യനാണ് (33) നാട്ടുകാരുടെ കൈക്കരുത്തില്‍ അകത്തായത്. കഴുത്തില്‍ കത്തിവച്ച് മാല ഊരി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുക്കുപണ്ടമാണെന്ന് ഇവര്‍ പറഞ്ഞെങ്കിലും പ്രതി പിടിവിടാന്‍ കൂട്ടാക്കിയില്ല. മല ഊരിയെടുത്തതിന് ശേഷം സിന്ധുവിനെ തള്ളി താഴെയിട്ട് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മനുവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
തൃപ്പൂണിത്തുറയിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മനു. കൊവിഡ് കാരണം ഹോട്ടല്‍ പൂട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെയാണ് കവര്‍ച്ചയ്ക്ക് ഇറങ്ങിയത്. ഇയാള്‍ സമാനമായ രീതീയില്‍ മറ്റ് രണ്ടിടത്ത് പിടിച്ചുപറിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.