നാട്ടുകാരേയും പൊലീസിനേയും വട്ടം ചുറ്റിച്ച കള്ളന്‍ ഒടുവില്‍ പൊലീസിന്റെ പിടിയിലായി





കല്‍പ്പറ്റ/ നാട്ടുകാരേയും പൊലീസിനേയും ഒരുപേലെ വട്ടംചുറ്റിച്ച മോഷ്ടാക്കളില്‍ രണ്ടാമനും ഒടുവില്‍ പൊലീസിന്റെ പിടിയില്‍ അകപ്പെട്ടു. മലപ്പുറം മക്കരപ്പറമ്പ് കാളന്‍തോട് അബ്ദുല്‍ കരീം, പുളിയടത്തില്‍ അബ്ദുല്‍ ലത്തീഫ് എന്നിവരായിരുന്നു പൊലീസിനേയും നാട്ടുകാരേയും വട്ടംകറക്കിയ കള്ളന്‍മാര്‍. ഇവരില്‍ അബ്ദുല്‍ കരീമിനെ നേരത്തെ പിടികൂടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അബ്ദുല്‍ ലത്തീഫ് ഒളിവില്‍ തന്നെയായിരുന്നു. ഇയാളെ ഇന്നലെ മലപ്പുറം എ ആര്‍ ക്യാംപിന് സമീപത്തെ ലോഡ്ജ്മുറിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
മോഷണത്തിന്റെ ഒരുഘട്ടത്തിലും സിസി ടിവിയില്‍ പതിയാതിരിക്കാന്‍ കുട ചൂടിയും വിവിധ വേഷ വിധാനങ്ങള്‍ സ്വീകരിച്ചുമായിരുന്നു ഇവരുടെ മോഷണ രീതി. അബ്ദുല്‍ കരിം പിടിയിലായി പത്ത് മാസത്തിന് ശേഷമാണ് അബ്ദുല്‍ ലത്തീഫ് പിടിയിലാകുന്നത്. പാന്റും ഷര്‍ട്ടും ധരിച്ചെത്തുന്ന മോഷ്ടാക്കളുടെ മുഖം കുടചൂടുന്നതിനാല്‍ മിക്ക വീടുകളിലെയും സ്ഥപാനങ്ങളിലെയും സിസി ടിവിയില്‍ പതിഞ്ഞിരുന്നില്ല. മാത്രമല്ല ഫുള്‍സ്ലീവ് ഷര്‍ട്ടിന് പുറമെ കൈയ്യുറയും മാസ്‌കും തൊപ്പിയും ധരിച്ചായിരുന്നു മോഷണത്തിനെത്തിയിരുന്നത്. ഈ സമയങ്ങളില്‍ മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. ഇതാണ് പൊലീസിന് വിനയായത്. അന്വേഷണത്തെയും ഇത് ബാധിച്ചിരുന്നു. കൂടാതെ സാമൂഹിക മാധ്യമങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും. അതീവ ജാഗ്രതയോടെയായിരുന്നു ഓരോ മോഷണവും ഇവര്‍ നടത്തിയിരുന്നത്. പകല്‍ സമയങ്ങളില്‍ വാഹനത്തില്‍ പച്ചക്കറി, പഴ വില്‍പ്പന നടത്തുന്ന ഇരുവരും വീടുകള്‍ നിരീക്ഷിച്ചതിന് ശേഷം രാത്രിയിലെത്തി മോഷണം നടത്തുന്നതായിരുന്നു പതിവ്. സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള പഴുപ്പത്തൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കച്ചവടം കഴിഞ്ഞെത്തിയാല്‍ കാറുമായി മോഷണം നടത്തേണ്ട സ്ഥലം കണ്ടെത്താനായി വാഹനത്തില്‍ കറങ്ങും. ലൈറ്റിടാത്ത വലിയ വീടുകള്‍ നോക്കി വെച്ച് അര്‍ധരാത്രിക്ക് ശേഷം വീണ്ടുമെത്തിയാണ് മോഷണം നടത്തിയിരുന്നത്. അബ്ദുള്‍കരീം വീടിനുള്ളില്‍ കയറി മോഷണം നടത്തുമ്പോള്‍ അബ്ദുള്‍ ലത്തീഫ് പരിസരം വീക്ഷിക്കുന്നതിന് പുറത്തുനില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.
സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ നിന്ന് മാത്രം 73 പവനും 30 ലക്ഷം രൂപയും ഇവര്‍ കവര്‍ന്നതായി പൊലീസ് വിശദമാക്കി. സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷന്‍ പരിധിയില്‍പെടുന്ന കുപ്പാടി, പുത്തന്‍കുന്ന്, നായ്ക്കട്ടി, മൂലങ്കാവ്, കൈപ്പഞ്ചേരി നൂല്‍പ്പുഴ സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട മാടക്കര, മലങ്കര പുല്‍പ്പള്ളി സ്‌റ്റേഷന്‍ പരിധിയിലെ സുരഭിക്കവല, റോയല്‍പ്പടി മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോളേരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലായാണ് ഒരുവര്‍ഷത്തിനുള്ളില്‍ ഇവര്‍ മോഷണം നടത്തിയത്. സമാനരീയിലുള്ള മോഷണങ്ങള്‍ വര്‍ധിച്ചതോടെ അന്നത്തെ മാനന്തവാടി ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ വിവിധ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായി നടത്തിയ നീക്കങ്ങളിലാണ് പ്രതികള്‍ അകത്തായത്.
Previous Post Next Post