തിരുവനന്തപുരം : കേരളത്തില്‍ മുങ്ങിമരണങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കകം നിരവധിപേരാണ് ജലദുരന്തങ്ങള്‍ക്കിരയായത്.
സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ മുങ്ങി മരിച്ചത് 101 പേരെന്ന് ഫയര്‍ ഫോഴ്സിന്റെ കണക്കുകള്‍. 142 പേര്‍ ജലാശയങ്ങളില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ 41 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവിലെ കണക്കാണിത്.
ഇതില്‍ അഞ്ചു വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ 18 വയസില്‍ താഴെയുള്ളവരാണ്.
തിരുവനന്തപുരത്തും കൊല്ലത്തുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍. 16 പേര്‍ വീതം. എറണാകുളത്തും കണ്ണൂരും 10 പേര്‍ വീതവും മരിച്ചു. കൊല്ലത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങിയും വെള്ളച്ചാട്ടങ്ങളിലും കായലിലും കാല്‍വഴുതിയും കുളിക്കാനിറങ്ങിയും അപകടത്തില്‍പ്പെട്ടും മരിച്ചവരാണ് ഏറെയും.
അപകട സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ഫയര്‍ ഫോഴ്സിന്റെ തീരുമാനം.
ജലാശയങ്ങളുടെ ദേശമായ ആലപ്പുഴയില്‍ ഈ വര്‍ഷം ഇതുവരെ 45 പേരുടെ ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞവര്‍ഷം ആകെ മരിച്ചത് 57 പേരും. 2010ല്‍ ഇത് 51 ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1011 പേര്‍ മരിച്ചു. ഇതില്‍ 844 പുരുഷന്മാരും 167 സ്‌ത്രീകളുമാണ്. 50 വയസ്സിന് മുകളിലുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
പട്ടികയില്‍ രണ്ടാമതുള്ളത് 41-50 വയസുകാരാണ് . മറ്റ് ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴയില്‍ നീര്‍ത്തടം ഏറെയാണ്. ജീവിതവൃത്തിക്കായി കടലിനെയും കായലിനെയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം. സെപ്തംബര്‍ രണ്ടിന് അഴീക്കലില്‍ ബോട്ട് മറിഞ്ഞ് ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. കഴിഞ്ഞദിവസം ഓമനപ്പുഴ പൊഴിക്ക് സമീപം കളിക്കുന്നതിനിടെ സഹോദരങ്ങളായ രണ്ട് കുട്ടികളും മുങ്ങിമരിച്ചു.
ജനുവരി മുതല്‍ സെപ്തംബര്‍ 17 വരെയുള്ള കണക്കുപ്രകാരം ജലാശയങ്ങളില്‍ 75 അപകടമുണ്ടായി. മൂന്ന് കുട്ടികളുള്‍പ്പടെ 62 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം 120 അപകടങ്ങളില്‍ നാലു കുട്ടികള്‍ ഉള്‍പ്പടെ 92 പേര്‍ മരിച്ചു. അപകടം തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നല്‍കി.
വെള്ളത്തില്‍ വീഴുന്നവരെ രക്ഷപ്പെടുത്താന്‍ ഇറങ്ങുന്നവരും അപകടത്തില്‍പ്പെടുന്നുണ്ട്.
വിനോദസഞ്ചാരികളും കുളിക്കാനിറങ്ങുന്ന യുവാക്കളും കുട്ടികളും അപകടത്തില്‍പ്പെടുന്നുണ്ട്. ക്വാറികളിലെ വെള്ളക്കെട്ടുകളിലും അപകടങ്ങള്‍ പതിവാണെന്നാണ് വിലയിരുത്തല്‍.
കൊവിഡ് പ്രതിസന്ധി കാരണം പാഠ്യപദ്ധതിയില്‍ നീന്തല്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന് തിരിച്ചടിയായെങ്കിലും പരിഹാരമാകുമെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രതീക്ഷ.
കായല്‍ വിനോദസഞ്ചാരികളുടെ മുങ്ങിമരണങ്ങളും സമീപകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. മദ്യത്തിന്റെ അകമ്പടിയോടെയുള്ള കായല്‍യാത്രയാണ് പല മുങ്ങിമരണങ്ങള്‍ക്കും കാരണമാകുന്നത്.