അസം വെടിവെപ്പ്; കൊല്ലപ്പെട്ടവരിലൊരാൾ ആധാർ കാർഡ് വാങ്ങാൻ പോയ 12 വയസ്സുകാരൻ


അസമിൽ കുടിയേറ്റ നടപടികൾക്കിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ 12 വയസ്സുകാരനായ കുട്ടിയും. ശൈഖ് ഫാരിദ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ആധാർ കാർഡ് വാങ്ങാൻ വേണ്ടി പോസ്റ്റ് ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഫരീദ്. എന്നാൽ വൈകുന്നരം ഫരീദിന്റെ ജീവനറ്റ ശരീരമാണ് വീട്ടുകാർക്ക് കാണാനായത്. കുട്ടിയുടെ നെഞ്ചിന്റെ വലത് ഭാ​ഗത്ത് വെടിയുണ്ട തുളച്ചുകയറിയ മുറിവുമുണ്ടായിരുന്നു. എങ്ങനെയാണ് കുട്ടി സംഘർഷം നടന്നിടത്തേക്കെത്തിയതെന്ന് വ്യക്തമല്ല. ദരം ജില്ലയിൽ പൊലീസ് ഒഴിപ്പിക്കൽ നടപടി തുടങ്ങിയതിന്റെ രണ്ടു കിലോ മീറ്റർ അകലെയാണ് ഫാരിദും കുടുംബവും കഴിയുന്നത്. ഇവർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചിരുന്നില്ല.
 "ആധാർ കാർഡ് ലഭിക്കുന്നതിൽ എന്റെ മകൻ സന്തോഷത്തിലായിരുന്നു. എങ്ങനെയാണ് അവൻ കൊല്ലപ്പെട്ടത് എന്നത് എനിക്കറിയില്ല," ഫരീദിന്റെ പിതാവ് ഖലക് അലി പറഞ്ഞു. ഫരീദിനെ കൂടാതെ മൈനുൾ ഫഖ് എന്ന 30 കാരനുമാണ് ഇന്നലെ കൊല്ലപ്പെട്ടത്. മൈനുളിനു നേരെ പൊലീസ് വെടിവെക്കുന്നതും ഇദ്ദേഹം മരിച്ച ശേഷം മൃതദേഹത്തിൻ മേൽ ഫോട്ടോ​ഗ്രാഫർ ചവിട്ടിയതിന്റെയും ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. വലിയ വിവാദമാണ് ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ ദേശീയ തലത്തിലുണ്ടായത്. പിന്നാലെ വെടിയേറ്റ് മരിച്ചയാളുടെ നെഞ്ചത്തുകയറി ചവിട്ടിയ സംഘ്പരിവാര്‍ അനുഭാവിയായ ഫോട്ടോഗ്രഫറെ അറസ്റ്റ് ചെയ്തു. ജില്ലാ ഭരണകൂടം നിയമിച്ച ബിജോയ് ശങ്കര്‍ ബാനിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്. പൊലീസ് നോക്കിനില്‍ക്കെയാണ് വെടിയേറ്റ് നിലത്തുവീണ പ്രദേശവാസിയുടെ മൃതദേഹത്തില്‍ ഇയാള്‍ ചവിട്ടിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത വ്യക്തമാക്കി.

 അറസ്റ്റിലായ ബിജോയ് ശങ്കര്‍ കടുത്ത സംഘപരിവാര്‍ അനുഭാവിയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Previous Post Next Post