ഏറ്റുമാനൂര്‍ ജൈനമ്മ കൊലക്കേസിലെ പ്രതി സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലര്‍ എന്ന സംശയത്തിൽ പൊലീസ്.


ഏറ്റുമാനൂര്‍ ജൈനമ്മ കൊലക്കേസിലെ പ്രതി സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലര്‍ എന്ന സംശയത്തിൽ പൊലീസ്. ജൈനമ്മയ്ക്കും ചേര്‍ത്തല സ്വദേശി ബിന്ദുവിനും പുറമേ 2012ല്‍ കാണാതായ ഐഷയേയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയോ എന്നാണ് പൊലീസിന്റെ സംശയം. കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് ചേര്‍ത്തലയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജൈനമ്മയുടെ സ്വര്‍ണം ചേര്‍ത്തല ഡിവൈഎസ്പി ഓഫീസിന് സമീപത്തെ ജ്വല്ലറിയില്‍ വിറ്റെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജൈനമ്മയുടെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമവും അന്വേഷണസംഘം ഊര്‍ജ്ജിതമാക്കി.

സ്ത്രീകളെ പ്രണയം നടിച്ച് കൊലപ്പെടുത്തി സ്വത്തും സ്വര്‍ണ്ണവും കൈക്കലാക്കുന്ന കുറ്റവാസനയുള്ള ആളാണോ സെബാസ്റ്റ്യന്‍ എന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. സെബാസ്റ്റ്യനുമായി സൗഹൃദം ഉണ്ടായിരുന്ന സ്ത്രീകളെ പലരേയും പിന്നീട് കാണാതായത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ചേര്‍ത്തല ബിന്ദു പത്മനാഭന്‍ തിരോധാന കേസിലെ പ്രതിയായ സെബാസ്റ്റ്യന്‍ നിലവില്‍ ഏറ്റുമാനൂര്‍ ജൈനമ്മ കൊലക്കേസിലും പ്രതിയാണ്. ജൈനമ്മ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചേര്‍ത്തല ഐഷ തിരോധാന കേസിലും സെബാസ്റ്റ്യന് പങ്കുണ്ടോ എന്ന സംശയം ഉയരുന്നത്. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ക്യാപ്പിട്ട പല്ല് ഐഷയുടെതാണോ എന്നാണ് സംശയം. സെബാസ്റ്റ്യനുമായി അടുപ്പമുണ്ടായിരുന്ന ഐഷയെ 2012ലാണ് കാണാതായത്.


Previous Post Next Post