എടത്വ (ആലപ്പുഴ) : മള്‍ട്ടിവുഡില്‍ 12 പേര്‍ക്ക് കയറാവുന്ന രീതിയില്‍ ബോട്ട് നിര്‍മ്മിച്ച് സന്തോഷ്.
ഏഴായിരം രൂപയ്ക്ക് മള്‍ട്ടിവുഡ് ഷീറ്റ് കൊണ്ട് നാല് പേര്‍ക്ക് കയറാവുന്ന ബോട്ട് നിര്‍മ്മിച്ച് ശ്രദ്ധ നേടിയിരിക്കുന്നത് എടത്വ ചങ്ങംകരി പുത്തന്‍ചിറ സന്തോഷ് പി.പി.യാണ് 12 പേര്‍ക്ക് കയറി സഞ്ചരിക്കാവുന്ന രീതിയിലുള്ള ബോട്ട് നിര്‍മ്മിച്ചത്.
ബോട്ടിന്റെ നീരണിയല്‍ ചടങ്ങും ഇന്ന് നടന്നു. ആര്‍പ്പുവിളിയുടെ ആരവത്തില്‍ തോമസ് കെ. തോമസ് എംഎല്‍എ നീരണിയല്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സന്തോഷിന്റെ വീടിന് പുറകിലെ ചിറയ്ക്കകം പാടശേഖരത്തിലേക്കാണ് ബോട്ട് ഇറക്കിയത്. 17 അടി നീളത്തിലും 5 അടി വീതിയിലും 2.5 അടി പൊക്കത്തിലുമാണ് എന്‍ഞ്ചിന്‍ വച്ച് ഓടിക്കാവുന്ന തരത്തില്‍ ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
തന്റെ അധ്വാനം കൂടാതെ ഒന്നര ലക്ഷത്തോളം രൂപ ബോട്ടിനായി ചെലവ് വന്നതായിട്ടാണ് സന്തോഷ് പറയുന്നത്. സ്പീഡ് ബോട്ടിന്റെ മോഡലില്‍ നിര്‍മ്മിച്ചിരിക്കുന്ന ബോട്ട് ഒന്നരമാസം കൊണ്ടാണ് സന്തോഷ് പൂര്‍ത്തീകരിച്ചത്. ബോട്ടിന് ബലം കൂട്ടാനായി ഫൈബറും ഉപോയോഗിച്ചിട്ടുണ്ട്.
പൊതുസമ്മേളന ഉദ്ഘാടനം എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്ജും, നിറ്റിലിറക്ക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജുവും നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിന്‍ മാത്യു അധ്യക്ഷത വഹിച്ചു.