ലഹരി ഉപയോഗം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം വീടിന് തീയിട്ട് 16കാരന്‍.

 




സേലം : ലഹരി ഉപയോഗം നിര്‍ത്തണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ട മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം വീടിന് തീയിട്ട് 16കാരന്‍. തമിഴ്നാട്ടിലെ ആത്തൂരിലാണ് സംഭവം. 70 വയസുള്ള പി കാട്ടൂര്‍രാജയും ഭാര്യയും 60 വയസുകാരിയുമായ കാശിയമ്മാളും വീടിന് തീ പിടിച്ച് വെന്തുമരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയാണ് സംഭവം.

സേലം കൊത്തമ്പാടിക്ക് സമീപമുള്ള ആത്തൂരിലെ ഓല മേഞ്ഞ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ചെറുമകന്‍ കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അവ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് പതിനാറുകാരനെ പ്രകോപിപ്പിച്ചത്.

ദമ്പതികള്‍ ഉറങ്ങുന്ന സമയത്ത് പതിനാറുകാരന്‍ വീടിന് പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. വീടും മുത്തശ്ശനും മുത്തശ്ശിയും അഗ്നിക്കിരയാവുന്നത് നോക്കി നിന്ന ശേഷം 16കാരന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. 

കാലുകള്‍ക്ക് ബലക്ഷയമുള്ള ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീട് കത്തുന്നത് നോക്കി നില്‍ക്കുന്ന 16കാരനെയാണ് കണ്ടത്. 16കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Previous Post Next Post