കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ, ധനസഹായം സംസ്ഥാനങ്ങള്‍ നല്‍കണം; കേന്ദ്രം സുപ്രീംകോടതിയില്‍




 

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാനങ്ങള്‍ ധനസഹായം കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഭാവിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം നല്‍കേണ്ടതുണ്ടെന്ന് ജൂണ്‍ 30നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. 

ഇതുസംബന്ധിച്ച് ആറാഴ്ചയ്ക്കകം മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഒരു കുടുംബത്തിന് 50,000 രൂപ നല്‍കാമെന്നാണ് കേന്ദ്രം കോടതിയെ ധരിപ്പിച്ചത്. സംസ്ഥാനങ്ങള്‍ തുക കൈമാറുമെന്നും കേന്ദ്രം അറിയിച്ചു. ഇത് സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗരേഖ കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി. 

സംസ്ഥാനങ്ങളിലെ ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് തുക അനുവദിക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അല്ലെങ്കില്‍ ജില്ലാ ഭരണകൂടം വഴി തുക കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.


Previous Post Next Post