തീക്കട്ടയിലും ഉറുമ്പരിച്ചു തുടങ്ങി; സി ഐ യുടെ വീട്ടിൽനിന്ന് മോഷ്ടിച്ചത് ഗ്യാസ് സിലിണ്ടർ






തിരുവനന്തപുരം : വെള്ളനാട് സി.ഐയുടെ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം. പൊഴിയൂർ സി.ഐ ബിനുകുമാറിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. കാര്യമായൊന്നും കിട്ടാത്തത് കൊണ്ട് വീട്ടിലെ ഗ്യാസ്കുറ്റി വരെ തൂക്കിയെടുത്താണ് കള്ളൻ കടന്നു കളഞ്ഞത്.

ആളില്ലാതെ അടഞ്ഞു കിടന്ന വീട്ടിൽകയറിയ മോഷ്ടാവിന് കിട്ടിയ സാധനങ്ങൾ ഇവയാണ്. പഴയ റേഡിയോ ഒന്ന്. പഴയ ടി.വി ഒന്ന്. വിളക് ഒരെണ്ണം. ഷോക്കേസിൽ വെച്ചിരുന്ന നടരാജ വിഗ്രഹവും ഇതിൽപ്പെടും. കാറിന്റെ താക്കോൽ ഒന്ന്. ഇതൊന്നും കൂടാതെ നല്ല വില പിടിപ്പുള്ളത് കൊണ്ടാവണം വീട്ടിലെ ഗ്യാസ് സിലിണ്ടറും പോകുന്ന പോക്കിൽ കള്ളൻ തൂക്കി. ഇതൊക്കെയായിട്ടും ആകെപ്പാടെ പതിനായിരം രൂപയിൽ താഴെയുള്ള സാധനങ്ങളെ പോയിട്ടുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. 

ഇക്കഴിഞ്ഞ ദിവസം വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post