'സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുത്' ; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് പിടി തോമസ്





കൊച്ചി : ലവ് ജിഹാദിന് പുറമെ നര്‍ക്കോട്ടിക് ജിഹാദും സംസ്ഥാനത്തുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എംഎല്‍എ. പാലാ ബിഷപ്പിന്റേതായി പുറത്തുവന്ന വാര്‍ത്ത സമുദായ സൗഹാര്‍ദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ല എന്നാണ് പി ടി തോമസിന്റെ നിലപാട്. അതേസമയം പാലാ ബിഷപ്പിനെ പിന്തുണച്ച് കെസിബിസി മുന്‍ വക്താവ് വര്‍ഗീസ് വള്ളിക്കാട്ട് രംഗത്തെത്തി. 

സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതലെന്നാണ് പി ടി തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ജാതി മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നതു ആധുനിക കാലഘട്ടത്തില്‍ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടരമാണ്.എന്നും മത സൗഹാര്‍ദ്ധം പുലര്‍ത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുത്. പി ടി തോമസ് ആവശ്യപ്പെട്ടു. 

 പാലാ ബിഷപ്പ് പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നാണ് കെസിബിസി മുന്‍ വക്താവ് സൂചിപ്പിക്കുന്നത്. ബിഷപ്പ് പറഞ്ഞതിനെതിരെ രംഗത്തു വരുന്നവര്‍, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞ കാര്യം കൂടി പരിശോധിക്കണമെന്നും വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നു. ക്രൈസ്തവ സഭയ്ക്ക് അകത്ത് നിരവധി പേര്‍ ബിഷപ്പിനെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

أحدث أقدم