പ്രഭാതസവാരി നേരംപുല‍ർന്നിട്ട്; ഇയർഫോൺ, കറുപ്പുടുപ്പ്, കറുത്ത കുട, വർത്തമാനം വേണ്ട’ പൊലീസ്





തിരുവനന്തപുരം ∙ പ്രഭാതസവാരി കഴിയുന്നതും നേരം പുല‍ർന്ന ശേഷമാകു‍ന്നതാണു ഉചിതമെന്നു പൊലീസ്. മൊബൈൽ ഫോൺ ഉപയോഗിച്ചും ഇയർ ഫോൺ ഉപയോഗിച്ച് പാട്ടുകേട്ടും നടക്കുന്നത് ശ്രദ്ധ വഴിതെറ്റി‍ച്ചേക്കും. കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ ലഘൂക‍രിച്ചതോടെ പ്രഭാത നടത്തക്കാരുടെ എണ്ണം കൂടി. ഇതോടൊപ്പം കാൽനട യാത്രക്കാർ അപകടത്തിൽ‍പ്പെടുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നിർദേശങ്ങൾ. 
വെളിച്ചമില്ലാ‍യ്മയും വസ്ത്രത്തിന്റെ ഇരുണ്ട നിറങ്ങളും ടാർ റോഡും ഉൾപ്പെടെ നിരവധി കാരണങ്ങളാൽ പ്രഭാത സവാരി‍ക്കാരനെ തൊട്ടടുത്ത് പോലും കാണുക ദുഷ്കരമാണ്. കാൽനട യാത്രക്കാരനെ, വളരെ മുൻകൂട്ടി കാണാൻ കഴിഞ്ഞാൽ മാത്രമേ ഡ്രൈവർക്ക് അപകടം ഒഴിവാക്കാൻ കഴിയൂ. മഴ, മൂടൽമഞ്ഞ്, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവയും അപകടസാധ്യത വർ‍ധിപ്പിക്കുന്നു. 

പൊലീസ് നിർദേശങ്ങൾ

∙ നടക്കാ‍നായി കഴിയുന്നതും മൈതാ‍നങ്ങളോ പാർ‍ക്കുകളോ തിരഞ്ഞെടുക്കുക.
∙ വെളിച്ച‍മുള്ളതും നടപ്പാതകൾ ഉള്ളതുമായ റോഡുകൾ ഉപയോഗിക്കാം.
∙ തിരക്കേറിയതും വാഹനങ്ങളുടെ വേഗം കൂടുതലുമുള്ള റോഡുകൾ ഒഴിവാക്കുക..
∙ നടപ്പാത ഇല്ലാത്ത റോഡുകളിൽ വലതുവശം ചേർന്നു നടക്കുക.
∙ ഇരുണ്ട നിറമുള്ള വസ്ത്രം ഒഴിവാക്കുക. വെളുത്തതോ ഇളം നി‍റമുള്ളതോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കുക.
∙ റിഫ്ലക്ടീവ് ജാക്കറ്റുക‍ളോ വസ്ത്രങ്ങ‍ളോ ഉപയോഗിക്കുന്നതും നല്ലത്.
∙ പ്രഭാതസവാരി‍ക്കു പോകുമ്പോൾ കുട്ടികൾ ഉണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിക്കണം.
∙ വർത്തമാനം പറഞ്ഞ് കൂട്ടംകൂടി നടക്കുന്നത് ഒഴിവാക്കണം.
∙ മൂടൽമഞ്ഞ്, മഴ എന്നീ സന്ദർഭങ്ങളിലും കറുത്ത കുട പിടിച്ച് നടക്കുന്നതും ഒഴിവാക്കുക.


Previous Post Next Post