വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്ലീല വാട്‌സ് ആപ് സന്ദേശങ്ങള്‍ ; പ്രതിയെ തേടി സൈബര്‍ പൊലീസ്






സുല്‍ത്താന്‍ബത്തേരി: നൂല്‍പ്പുഴ ചീരാലില്‍ വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്ലീല വാട്‌സ് ആപ് സന്ദേശങ്ങള്‍ ലഭിക്കുന്നതായുള്ള പരാതിയില്‍ പ്രതിയെ തേടി സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. കേസ് സൈബര്‍ സെല്ലിന് കൈമാറിയതായി നൂല്‍പ്പുഴ സ്റ്റേഷന്‍ അധികൃതരും അറിയിച്ചു. 

ചീരാല്‍, താഴത്തൂര്‍, നമ്പ്യാര്‍കുന്ന് പ്രദേശങ്ങളിലുള്ള വീട്ടമ്മമാരുടെ ഫോണുകളിലേക്കാണ് ഒരേ നമ്പറില്‍ നിന്ന് സന്ദേശമെത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് കാരണം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് പോലും മൊബൈല്‍ ഫോണ്‍ നല്‍കാനാവുന്നില്ലെന്നും പരാതിക്കാര്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രാഥമിക അന്വേഷണത്തില്‍ താഴത്തൂരിലെ ഒരു വ്യക്തിയുടെ നമ്പരിലെടുത്ത വാട്‌സാപ്പില്‍ നിന്നാണ് സ്ത്രീകള്‍ക്ക് അശ്ലീല വീഡിയോകളും മെസേജുകളുമെത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഫോണില്‍ വാട്‌സ് ആപില്ല. ഈ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ വാട്സ് ആപ് തയ്യാറാക്കിയതായാണ് വിവരം.

 രണ്ടാഴ്ചയായി വീട്ടമ്മമാര്‍ക്ക് ഫോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രതിയെ പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Previous Post Next Post