അച്ചടക്കനടപടി നേരിട്ടിട്ടില്ലാത്ത ഒറ്റ കോണ്‍ഗ്രസുകാരനെ പോലും റാഞ്ചാന്‍ സി.പി.എമ്മിന് സാധിച്ചിട്ടില്ല : കെ. സുധാകരൻ






കണ്ണൂർ :  അച്ചടക്കനടപടി നേരിട്ടിട്ടില്ലാത്ത ഒറ്റ കോണ്‍ഗ്രസുകാരനെ പോലും റാഞ്ചാന്‍ സി.പി.എമ്മിന് സാധിച്ചിട്ടില്ലെന്നും എ.കെ.ജി. സെന്റര്‍ വെറും വേസ്റ്റ് കളക്ഷന്‍ സെന്റര്‍ ആയി മാറിയെന്നും കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍. വിരുന്നുകാര്‍ അകത്തും വീട്ടുകാര്‍ പുറത്തും എന്ന് സി.പി.എം. അണികള്‍ ചിന്തിച്ചു തുടങ്ങിയാല്‍ അവരെ കുറ്റം പറയാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

എ.കെ.ജി സെന്ററിലേക്ക് കടന്നു ചെന്ന അനില്‍കുമാര്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍, രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം എ.കെ.ജി സെന്ററിലേക്കു കടന്നുചെല്ലാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. അതില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ ജനസ്വാധീനവും മഹത്വവും വ്യക്തമാണ്. 42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹത്തിന് പത്ത് പ്രവര്‍ത്തകരുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ സാധിച്ചില്ല എന്നത് അദ്ദേഹം പാര്‍ട്ടിയുടെ ബാദ്ധ്യതയാണെന്നു തെളിയിക്കുന്നതാണ്.

കെ.പി.സി.സിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് പാര്‍ട്ടി വിട്ടതെന്നു പറയുന്ന കോടിയേരി, ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഓഫീസ് ഉള്‍പ്പെടെ ബി.ജെ.പിക്ക് അടിയറവ് വച്ചാണ് സി.പി.എം നേതാക്കള്‍ പാര്‍ട്ടി വിട്ടതെന്ന കാര്യം മറക്കരുത്. സെമി കേഡര്‍ പാര്‍ട്ടി എന്താണെന്ന് ആറു മാസത്തിനുള്ളില്‍ ഞങ്ങള്‍ ബോദ്ധ്യപ്പെടുത്തിത്തരാം –സുധാകരൻ പറഞ്ഞു.
أحدث أقدم